ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍(വലിയ കുളങ്ങള്‍) നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഓരോ ജില്ലയിലും വലിയ കുളങ്ങള്‍ വരുന്നതോടെ ജലദൗര്‍ലഭ്യം പരിഹരിക്കാനാവും. കുളങ്ങളുടെ നിര്‍മ്മാണത്തിന് ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അടക്കം പ്രയോജനപ്പെടുത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. മന് കീ ബാത്ത് അഭിസംബോധനയില്‍ സംസാരിക്കുകയായിരുന്നു മോദി.
ചൂട് കൂടുന്നത് വെള്ളം സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ്. ഓരോ തുള്ളി വെള്ളവും അമൃതിനു സമമാണ്. യുവാക്കള്‍ ഈ യജ്ഞത്തെപ്പറ്റി അറിയണം. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രമോ, സ്വാതന്ത്ര്യസമരസേനാനിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളോ ഓരോരുത്തരുടെയും പ്രദേശങ്ങളില്‍ ഉണ്ടെങ്കില്‍ അവയെ അമൃതസരോവരവുമായി ബന്ധിപ്പിക്കാം. വെള്ളത്തിന്റെ ലഭ്യതകുറവ് ഒരു രാജ്യത്തിന്റെ പുരോഗതിയെയും മുന്നോട്ടുള്ള വേഗതയെയും നിര്‍ണയിക്കും. ജലം ജീവന്റെ ആധാരമാണ്. ഏറ്റവും വലിയ വിഭവശേഷിയുമാണ്. അതുകൊണ്ടു തന്നെയാണ് നമ്മുടെ പൂര്‍വ്വികര്‍ ജലസംരക്ഷണത്തിന് ഇത്രയും പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഇക്കോണമി വഴി രാജ്യത്ത് ഒരു പ്രത്യേക സംസ്കാരം തന്നെ രൂപപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ ചെറുപട്ടണങ്ങളിലും മിക്കഗ്രാമങ്ങളിലും വരെ ആളുകള്‍ യുപിഐയിലൂടെ കൊടുക്കല്‍-വാങ്ങല്‍ നടത്തുന്നു. ഡിജിറ്റല്‍ പേയ്മെന്റ് വന്നതോടുകൂടി ഇടവഴികളിലെ ചെറു കച്ചവടക്കാര്‍ക്കുപോലും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്കാന് എളുപ്പത്തില്‍ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എവിടെ പോയാലും പണം കൊണ്ടുനടക്കുന്നതിന്റെ, ബാങ്കില്‍ പോകേണ്ടതിന്റെ, എടിഎം അന്വേഷിച്ചു നടക്കുന്നതിന്റെ ബുദ്ധിമുട്ടില്ല. മൊബൈല്‍ ഫോണിലൂടെ എല്ലാവിധ പണകൈമാറ്റവും സാധ്യമാകുന്നു. ഓരോ ദിവസവും രാജ്യത്ത് യുപിഐ വഴി ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ ട്രന്‍സാക്ഷന്‍ നടക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് ഏകദേശം 10 ലക്ഷം കോടി രൂപയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സംഗ്രഹാലയ ഉള്‍പ്പെടെ രാജ്യത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ച് അറിവ് വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്കിടയിലും കൊറോണയെ കുറിച്ച് ജാഗരൂകരായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുക, നിശ്ചിത ഇടവേളകളില്‍ കൈകള്‍ കഴുകുക, സ്വരക്ഷയ്ക്ക് ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: