പാരിസ്: ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ തുടര്‍ഭരണം നേടിയേക്കുമെന്ന് സൂചന. അവസാനഘട്ട തെരഞ്ഞെടുപ്പിലെ ആദ്യ കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നത് മാക്രോണ്‍ 58.2 ശതമാനം വോട്ടുകള്‍ നേടിയെന്നാണ്. തൊട്ടടുത്ത എതിരാളി മറീന്‍ ലുപെന്‍ തോല്‍ക്കുമെന്ന് ഏതാണ്ടുറപ്പായി.
ഏപ്രില്‍ 24നാണ് ഫ്രാന്‍സിലെ അന്തിമ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്കും 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനാലാണ് ഏപ്രില്‍ 24ലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആവശ്യമായി വന്നത്. പക്ഷെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 27.6 ശതമാനം വോട്ടുകളോടെ മാക്രോണ്‍ തന്നെയായിരുന്നു മുന്നില്‍. തൊട്ടുപിന്നില്‍ 23. 2 ശതമാനം വോട്ടുകളോടെ ലു പെന്‍ സ്ഥാനം പിടിച്ചു. അമേരിക്ക ഇച്ഛിച്ചതുപോലെയായിത്തീരും ഫ്രാന്‍സിലെ ജനവിധി എന്ന് ഉറപ്പായി. കൃത്യമായ ഉക്രൈന് അനുകൂലനിലപാട് പ്രകടിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 50 ശതമാനം വോട്ടു വേണമെന്നില്ല. കൂടുതല്‍ വോട്ടു നേടിയ ആള് പ്രസിഡന്റാകും. മാക്രോണ്‍ ജയിക്കുമെന്നുറപ്പായതോടെ, 2002ന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഫ്രഞ്ച് പ്രസിഡന്റ് പദവിയില്‍ എത്തുന്ന വ്യക്തി എന്ന നിലയില്‍ മാക്രോണ്‍ ചരിത്രത്തില്‍ ഇടം തേടും. ഇതിന് മുന്‍പ് തുടര്‍ച്ചയായി രണ്ട് തവണ ജാക് ഷിറാക് മാത്രമാണ് ഫ്രാന്‍സിന്റെ പ്രസിഡന്റായത്.
ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധിക്കുമെന്ന് അവകാശപ്പെട്ട ലു പെനിനോട് ഹിജാബ് നിരോധിച്ചാല്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന എതിര്‍വാദമാണ് ഇമ്മാനുവല്‍ മാക്രോണ്‍ അന്തിമ ടിവി സംവാദത്തില്‍ ഉയര്‍ത്തിയത്. ഇത് മുസ്ലിം വോട്ടുകള്‍ ലഭിക്കുന്നതിന് കാരണമായി.
എന്തായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇവര്‍ രണ്ടു പേരില്‍ ആര് ഫ്രഞ്ച് പ്രസിഡന്റായാലും വിധി ഒന്നു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാം വിരുദ്ധ നിലപാടുകള്‍ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. പാകിസ്ഥാനില്‍ 2021ല്‍ ഫ്രാന്‍സിലെ ഒരു മാസികയില്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ മുസ്ലിങ്ങളുടെ വലിയ കലാപം ഉണ്ടായി. എന്നാല്‍ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെ അനുകൂലിക്കുകയായിരുന്നു ഫ്രാന്‍സിലെ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍. അദ്ദേഹം കാര്‍ട്ടൂണ്‍ നിരോധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: