ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍സ്കൂളുകളുകളിലെ ക്ലാസ്മുറികളെ ആനന്ദവും സമ്പൂര്‍ണ്ണസ്സമര്‍പ്പണവും നിറഞ്ഞ ഇടമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെ സ്കൂള്‍ വിപ്ലവത്തിന്റെ രഹസ്യം തേടി കേരളത്തിലെ വിദ്യാഭ്യാസവിദഗ്ധരായ ദല്‍ഹിയിലെത്തിയെന്ന് ആംആദ്മി പാര്‍ട്ടി. ആം ആദ്മിയുടെ പുതിയ സ്കൂള്‍ സങ്കല്പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്. പിന്നീട് ആം ആദ്മി പേജിലും കേരളത്തില്‍ നിന്നും ആംആദ്മി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് പഠിക്കാന്‍ ആളുകള്‍ എത്തിയെന്ന് അവകാശപ്പെട്ട് ട്വീറ്റ് വന്നു.
ഇതോടെ കേരളത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വെട്ടിലായിരിക്കുകയാണ്. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ദല്‍ഹിയേക്കാള്‍ മുന്നില്‍ നില്ക്കുന്ന കേരളം ആം ആദ്മിയുടെ പരിഷ്കരണം പഠിക്കാന്‍ ആളെ അയയ്ക്കേണ്ട കാര്യമെന്തെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തല്ക്കാലം മുഖം രക്ഷിക്കാന്‍ സംഗതി പാടെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവന്‍കുട്ടി. ദല്‍ഹി മോഡല്‍ പഠിക്കാന്‍ ആരെയും ദല്‍ഹിയിലേക്കയച്ചില്ലെന്നും കേരളമോഡലാണ് മികച്ചതെന്നും ശിവന് കുട്ടി മറുപടിയുമായി എത്തിയതോടെ കാര്യങ്ങള്‍ വിവാദമായിരിക്കുകയാണ്.
കേരളത്തിലെ സര്‍ക്കാര്‍ അയച്ച് ഈ പ്രതിനിധികള്‍ ആം ആദ്മിയുടെ പുതിയ സ്കൂള്‍ സങ്കല്പത്തിന്റെ നെടുംതൂണായ ആപ് നേതാവും എംഎല്‍എയുമായ അതിഷിയെ കണ്ട് ചര്‍ച്ച നടത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ പ്രതിനിധികളുടെ ഈ സന്ദര്‍ശനത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ഒരു വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.
കേരളത്തിലെ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് റീജ്യണല്‍ സെക്രട്ടറി വിക്ടര്‍ ടി. ഐ, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് ട്രഷറര്‍ ഡോ.എം. ദിനേഷ് ബാബു എന്നിവരാണ് അതിഷിയെ ദല്‍ഹിയില്‍ പോയി കണ്ടത്. ആപ് ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ രഹസ്യമറിയാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് വിക്ടര്‍ നേരത്തെ അതിഷിക്ക് കത്തെഴുതിയിരുന്നു. ‘സ്കൂള്‍ ഹെഡിനെ ശക്തിപ്പെടുത്തുക, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുന്ന അധ്യാപകര്‍ക്കുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുക, സ്കൂളുകള്‍ നന്നായി നിലനിര്‍ത്താന്‍ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ നടപടികളും ഘട്ടങ്ങളും അതിഷി വിശദീകരിച്ചു തന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ദല്‍ഹി സര്‍ക്കാര്‍ എടുത്ത നയപരിഷ്കാരങ്ങളും പ്രധാന തീരുമാനങ്ങളും അതിഷി പറഞ്ഞു തന്നിരുന്നു. കേരളത്തില്‍ നിന്നും പോയവര്‍ ക്ലാസ്മുറികള് സന്ദര്‍ശിക്കുകയും ചെയ്തു ‘- കേരള സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദല്‍ഹി വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശകന് ശൈലേന്ദ്ര ശര്‍മ്മയും സന്നിഹിതനായിരുന്നു. ‘ദല്‍ഹി സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കിയ ആനന്ദമുള്ള, പൂര്‍ണ്ണമനസര്‍പ്പിക്കുന്ന ക്ലാസുകളും കേരളത്തിലെ പ്രതിനിധികള്‍ നേരിട്ട് കണ്ടു.’- സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൂര്‍ണ്ണമായി മനസര്പ്പിക്കുന്ന ക്ലാസുകള്‍ എന്നാല്‍ കുട്ടികള്‍ വിവിധ കഥകളിലൂടെ അവരെ തന്നെ പ്രകാശിപ്പുക്കുന്ന ക്ലാസ് മുറികള്‍ കേരളത്തിലെ പ്രതിനിധികള്‍ കണ്ടതായും അത് കേരളത്തില്‍ നിന്നും പോയ പ്രതിനിധികളെ ഏറെ ആകര്‍ഷിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പാടെ നിഷേധിക്കുകയാണ് ശിവന്‍കുട്ടി. ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ശക്തമായി ചുവടുറപ്പിക്കാന്‍ എത്തുന്നതോടെയാണ് സിപിഎം അരവിന്ദ് കെജ്രിവാളിനോടും ആപിനോടുമുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. തൃക്കാക്കര നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ആപും ട്വന്റി ട്വന്റിയും കൈകോര്‍ക്കുകയാണ്. ദല്‍ഹി മോഡല്‍ തേടി കേരളത്തില്‍ നിന്നും പ്രതിനിധികളെ അയച്ചത് അവിടെ തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയായേക്കുമെന്ന ഭയമാണ് ഇപ്പോള്‍ ശിവന്‍കുട്ടിയെ നിഷേധക്കുറിപ്പിറക്കാന് പ്രേരിപ്പിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് പോരാട്ടമാണ്. കാരണം സാബുവിന്റെ ട്വന്റി ട്വന്റിയെ നാമാവശേഷമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സിപിഎമ്മിന് വീണുകിട്ടിയിരിക്കുന്നത്. അതിനിടെയാണ് ദല്‍ഹിയിലെ ആംആദ്മി മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും പ്രതിനിധികളെ അയച്ച സിപിഎം നീക്കം തിരിച്ചടിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: