ന്യൂദല്‍ഹി: മ്യൂസിയങ്ങളെക്കുറിച്ചും ഡിജിറ്റല്‍ ടെക്നോളജിയെക്കുറിച്ചും ജല ഉപയോഗത്തെക്കുറിച്ചുമെല്ലാം വിശമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്ത് പ്രസംഗ് അവസാനിച്ചത് വേദഗണിതത്തിന്റെ മഹത്വം വിവരിച്ചാണ്. ആര്യഭട്ടന് മുതല്‍ രാമാനുജന് വരെയുള്ള ഗണിതജ്ഞരുടെ പാരമ്പര്യം വിശദമാക്കിയ നരേന്ദ്രമോദി, ഭാരതീയര്‍ക്ക് ഗണിതം ഒരിക്കലും ഒരു പ്രയാസമേറിയ വിഷയമല്ലന്നും സമര്‍ത്ഥിച്ചു. പ്രശസ്ത വേദഗണിതജ്ഞന്‍ ഗൗരവ് ടേകരിവാളുമായി സംവാദവും നടത്തിയാണ് പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തിയത്..
നരേന്ദ്ര മോദി പറയുന്നു;
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസം മുന്‍പ് ഞാന്‍ നമ്മുടെ യാവാക്കളായ സുഹൃത്തുക്കളോട്, വിദ്യാര്‍ത്ഥികളോട് പരീക്ഷാ പേ ചര്‍ച്ച, അതായത് പരീക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ആ ചര്‍ച്ചയില്‍ തനിക്ക് പരീക്ഷയില്‍ കണക്കിനെ പേടിയാണെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങള്‍ പല വിദ്യാര്‍ത്ഥികളും സന്ദേശങ്ങളിലൂടെ എന്നെ അറിയിച്ചിരുന്നു. ആസമയത്ത് ഗണിതം അതായത് മാത്തമറ്റിക്സിനെ കുറിച്ച് ഇപ്രാവശ്യം ഞാന്‍ മന് കി ബാത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. സുഹൃത്തുക്കളേ, നമ്മള് ഭാരതീയര്‍ തികച്ചും സ്വാഭാവികമായി മാത്രം ചിന്തിക്കേണ്ട ഒരു വിഷയമാണ് ഗണിതം. ഗണിതത്തില്‍ ലോകത്തിന് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങളും സംഭാവനകളും നല്‍കിയത് ഭാരതീയരാണ്. പൂജ്യം അതായത് സീറോ കണ്ടെത്തിയതും അതിന്റെ മഹത്വത്തെ കുറിച്ചും നിങ്ങള്‍ ധാരാളം കേട്ടിരിക്കും. ഒരുപക്ഷേ, സീറോ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്തില്‍ ഇത്രയും വലിയ ഒരു ശാസ്ത്രപുരോഗതി നമുക്ക് കാണാന്‍ കഴിയില്ലായിരുന്നു. കാല്‍ക്കുലസ് മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള നമ്മുടെ ശാസ്ത്രീയമായ എല്ലാ കണ്ടുപിടുത്തങ്ങളും സീറോയെ ആധാരമാക്കിയുള്ളതാണ്. ഭാരതത്തിലെ ഗണിതജ്ഞന്മാരും വിദ്വാന്മാരും എത്രത്തോളം പറഞ്ഞിട്ടുണ്ട് എന്നു നോക്കൂ,
യത് കിഞ്ചിത് വസ്തു തത് സര്‍വ്വം
ഗണിതേന ബിനാ നഹി
അതായത്, ഈ സമ്പൂര്‍ണ്ണ പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ടോ അവയെല്ലാം ഗണിതത്തെ ആധാരമാക്കിയുള്ളതാണ്. ശാസ്ത്രപഠനത്തെ കുറിച്ച് ചിന്തിച്ചാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മനസ്സിലാകും. ശാസ്ത്രത്തിന്റെ ഓരോ തത്വവും ഒരു ഗണിത സമവാക്യത്തിലൂടെ വ്യക്തമാക്കാന്‍ സാധിക്കും. ന്യൂട്ടന്റെ നിയമങ്ങളാകട്ടെ, ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ സമവാക്യമാകട്ടെ, പ്രപഞ്ചവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രവും ഒരു ഗണിതം തന്നെയാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും വ്യക്തമാക്കാന്‍ കഴിയുന്ന ഒരു സിംഗിള്‍ ഫോര്‍മുല അതായത് തിയറി ഓഫ് എവരിതിംഗിനെ കുറിച്ച് ഇന്ന് ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നു. ഗണിതത്തിന്റെ സഹായത്താല്‍ ശാസ്ത്രത്തെ മനസ്സിലാക്കല്‍ എന്ന ഇത്രയും വിശാലമായ സങ്കല്പം നനമ്മുടെ ഋഷിമാര്‍ നടത്തിക്കഴിഞ്ഞിരുന്നു. നമ്മള് പൂജ്യം കണ്ടുപിടിച്ചു. അതോടൊപ്പം അനന്തം, അതായത് ഇന്‍ഫിനിറ്റ് സ്പഷ്ടമാക്കി. സാധാരണ സംസാരഭാഷയില്‍ നമ്മള് സംഖ്യകളെ കുറിച്ച് സംസാരിക്കുമ്പോള്‍ മില്യണ്‍, ബില്യണ്‍, ട്രില്യണ്‍ വരെ പറയാറുണ്ട്, ചിന്തിക്കാറുണ്ട്. എന്നാല്‍ വേദങ്ങളിലും ഭാരതീയ ഗണിതത്തിലും ഈ എണ്ണല്‍ വളരെ വളരെ മുന്നോട്ട് പോയിരിക്കുന്നു. നമ്മുടെ നാട്ടില്‍ വളരെ പഴയ ഒരു ശ്ലോകം പ്രചാരത്തിലുണ്ട്. അത് ഇങ്ങനെയാണ്,
ഏകം ദശം ശതം ചൈവ, സഹസ്രം അയുതം തഥാ
ലക്ഷം ച നിയുതം ചൈവ, കോടിഃ അര്‍ബുദം ഏവ ച
വൃന്ദം ഖര്‍വോ നിഖര്‍വഃ ച, ശംഖഃ പദ്മംഃ ച സാഗരഃ
അന്ത്യം മദ്ധ്യം പരാര്‍ദ്ധഃ ച, ദശ വൃദ്ധ്യാ യഥാക്രമം
ഈ ശ്ലോകത്തില്‍ സംഖ്യകളുടെ ക്രമത്തെയാണ് പ്രതിപാദിച്ചിട്ടുള്ളത്. അതായത് ഒന്ന്, പത്ത്, നൂറ്, ആയിരം, പതിനായിരം, ലക്ഷം, പത്ത്ലക്ഷം പിന്നെ കോടി. ഈ സംഖ്യകള്‍ ശംഖം, പദ്മം പിന്നെ സാഗരം വരെ മുമ്പോട്ട് പോകുന്നു. ഒരു സാഗരം എന്നാല്‍ പത്ത് ഘാതം അന്‍പത്തിയേഴ്. ഇതുമാത്രമല്ല, ഇനി മുന്പോട്ട് ഓഘ്, മഹോഘ് പോലുള്ള സംഖ്യകളും ഉണ്ട്. ഒരു മഹോഘ് പത്ത് ഘാതം അറുപത്തിരണ്ടിന് തുല്യം. അതായത് ഒന്നിനു ശേഷം 62 പൂജ്യം. നമുക്ക് ഇത്രവലിയ സംഖ്യകളെ കുറിച്ചു മനസ്സില്‍ സങ്കല്പിക്കാന് തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭാരതീയ ഗണിതത്തില്‍ ഇവ ആയിരക്കണക്കിനു വര്‍ഷം മുന്‍പേ പ്രയോഗിച്ചു വരുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കിലേഹ കമ്പനിയുടെ സി ഇ ഒ എന്നെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം എനിക്ക് ഒരു പെയിന്റിംഗ് തന്നു. അതില്‍ വാമനാവതാരത്തിലൂടെ ഗണന അഥവാ അളവിന്റെ ഒരു ഭാരതീയ പദ്ധതിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കിലേഹ നെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ കമ്പ്യൂട്ടറിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു കാണും. കമ്പ്യൂട്ടറിന്റെ ഭാഷയിലെ ബൈനറി സിസ്റ്റത്തെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ നമ്മുടെ നാട്ടില്‍ പിംഗളാചാര്യനെ പോലുള്ള ഋഷിമാര്‍ ഉണ്ടായിരുന്നു. അദ്ദേഹം ബൈനറിയെ കുറിച്ച് പറഞ്ഞിരുന്നു എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അതുപോലെ ആര്യഭട്ടന് മുതല്‍ രാമാനുജന് വരെയുള്ള ഗണിതജ്ഞര്‍ ഗണിതത്തില്‍ എത്രയെത്ര സിദ്ധാന്തങ്ങളാണ് ആവിഷ്ക്കരിച്ചത്.
സുഹൃത്തുക്കളേ, ഭാരതീയരായ നമുക്ക് ഗണിതം ഒരിക്കലും ഒരു പ്രയാസമേറിയ വിഷയമല്ല. അതിന്റെ ഏറ്റവും മഹത്തായ കാരണം നമ്മുടെ വേദഗണിതം തന്നെയാണ്. ആധുനിക യുഗത്തില്‍ വേദഗണിതത്തിന്റെ കീര്‍ത്തി ശ്രീ ഭാരതി കൃഷ്ണ തീര്‍ത്ഥ മഹാരാജിന് അവകാശപ്പെട്ടതാണ്. അദ്ദേഹം കണക്കുകൂട്ടലിന്റെ പഴയ രീതികളെ പുനരുദ്ധരിച്ചു. അതിന് വേദഗണിതം എന്ന് പേരിട്ടു. നിങ്ങള്‍ക്ക് ഏറ്റവും പ്രയാസമുള്ള കണക്കുകള്‍ പോലും കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് മനസ്സില്‍ ചെയ്യാന്‍ കഴിയും എന്നതാണ് വേദഗണിതത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വേദഗണിതം പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമായ ധാരാളം യുവാക്കളുടെ വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിക്കുമല്ലോ.
സുഹൃത്തുക്കളേ, ഇന്നത്തെ മന് കി ബാത്തില്‍ വേദഗണിതം പഠിപ്പിക്കുന്ന ഒരു സുഹൃത്ത് നമ്മോടൊപ്പം ഉണ്ട്. കൊല്‍ക്കത്തയിലെ ഗൗരവ് ടേകരിവാള്‍. അദ്ദേഹം കഴിഞ്ഞ രണ്ട്രണ്ടര ദശകങ്ങളായി വേദിക് മാത്തമാറ്റിക്സ് എന്ന പ്രസ്ഥാനത്തെ വളരെ അര്‍പ്പണ മനോഭാവത്തോടുകൂടി മുന്പോട്ട് കൊണ്ടുപോവുകയാണ്. വരൂ, നമുക്ക് അദ്ദേഹത്തോട് അല്പം സംസാരിക്കാം.
മോദി: ശ്രീ ഗൗരവ് നമസ്തേ
ഗൗരവ്: നമസ്തേ സര്
മോദി: താങ്കള്‍ വേദിക് മാത്സില് അഭിരുചിയുള്ള ആളാണെന്നും അതിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുന്നതായും ഞാന്‍ കേട്ടു. ഞാന്‍ ആദ്യം താങ്കളുടെ വിഷയത്തെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം ഈ വിഷയത്തില്‍ താങ്കള്‍ക്ക് താല്പര്യം എങ്ങനെയുണ്ടായി എന്നതും എന്നോട് പറയുമല്ലോ അല്ലേ?
ഗൗരവ്: സര്, ഞാന്‍ 20 വര്‍ഷം മുന്‍പ് ബിസിനസ്സ് സ്കൂളിലേക്ക് അപേക്ഷിച്ചപ്പോള്‍ ഇഅഠ എന്ന മത്സര പരീക്ഷ എഴുതേണ്ടി വന്നു. അതില്‍ ഗണിതത്തില്‍ നിന്നും ധാരാളം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അവ വളരെ കുറച്ചു സമയം കൊണ്ട് ചെയ്യേണ്ടിയിരുന്നു. അപ്പോള്‍ എന്റെ അമ്മ എനിക്ക് വേദിക് മാത്സ് എന്ന് പേരുള്ള ഒരു പുസ്തകം വാങ്ങിത്തന്നു. ആ പുസ്തകം എഴുതിയത് ശ്രീ ഭാരതി കൃഷ്ണ തീര്‍ത്ഥ മഹാരാജ് ആയിരുന്നു. ഗണിതം ലളിതമായി വളരെ വേഗത്തില്‍ ചെയ്യാവുന്ന പതിനാറ് സൂത്രങ്ങള്‍ അദ്ദേഹം അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് പ്രചോദനം ലഭിച്ചു. ഗണിതത്തില്‍ എന്റെ അഭിരുചി ഉണര്‍ന്നു. ഈ വിഷയം ഭാരതത്തിന്റെ സംഭാവനയാണെന്നും ഇത് നമ്മുടെ പൈതൃക സ്വത്താണെന്നും ഇതിനെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ കഴിയും എന്നും എനിക്കു മനസ്സിലായി. അപ്പോള്‍ മുതല്‍ വേദഗണിതത്തെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുവാനുള്ള ഒരു ദൗത്യമായി ഇതിനെ ഞാന്‍ മാറ്റി. കണക്കിനോടുള്ള പേടി മിക്കവരേയും അലട്ടുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. വേദഗണിതത്തേക്കാള്‍ എളുപ്പമായി മറ്റെന്തുണ്ട്?
മോദി: ഗൗരവ് നിങ്ങള്‍ എത്ര നാളായി ഇതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു?
ഗൗരവ്: ഇപ്പോള്‍ ഏകദേശം 20 വര്‍ഷമായി സര്. ഞാന്‍ ഇതില്‍ത്തന്നെ ലയിച്ചിരിക്കുകയാണ്.
മോദി: വേദഗണിതത്തെപ്പറ്റി അവബോധമുണ്ടാക്കാന്‍ താങ്കള്‍ എന്തൊക്കെ ചെയ്യുന്നു? ജനങ്ങളെ എങ്ങനെയാണ് സമീപിക്കുന്നത്?
ഗൗരവ്: ഞങ്ങള്‍ സ്കൂളുകളില്‍ പോകുന്നു. പിന്നെ ഓണ്‍ലൈനായും പഠിപ്പിക്കുന്നു. Vedic Maths Forum India എന്നാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ പേര്. ഈ സ്ഥാപനത്തില്‍ ഞങ്ങള്‍ 24 മണിക്കൂറും ഇന്റര്‍നെറ്റിലൂടെ വേദഗണിതം പഠിപ്പിക്കുന്നുണ്ട് സര്.
മോദി: ഞാന്‍ തുടര്‍ച്ചയായി കുട്ടികളോട് സംവദിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നും അതിനുള്ള അവസരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നു എന്നുമുള്ള കാര്യം താങ്കള്‍ക്ക് അറിയാമല്ലോ. എക്സാം വാരിയറിലൂടെ ഞാന്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ തികച്ചും അതിനെ ഇന്‍സ്റ്റിറ്റിയൂഷണലൈസ്ഡ് ചെയ്തിരിക്കുകയാണ്. കുട്ടികളോട് സംസാരിക്കുമ്പോഴെല്ലാം ഗണിതം എന്ന് കേട്ടാലുടനെ അവര്‍ ഓടിയൊളിക്കുന്നു എന്നതാണ് എന്റെ അനുഭവം. അകാരണമായ ഈ ഭയം എങ്ങനെ ഇല്ലാതാക്കാം. അതിനുവേണ്ടിയാണ് എന്റെ ശ്രമം. പരമ്പരാഗതമായുള്ള ചെറിയ ചെറിയ ടെക്നിക്കുകള്‍ നമുക്കുണ്ട്. ഗണിതത്തിന്റെ കാര്യത്തില്‍ ഭാരതത്തിന് അതൊരു പുതുമയല്ല. ഇക്കാര്യത്തില്‍ നമുക്ക് മഹത്തായ പാരമ്പര്യവുമുണ്ട്. അപ്പോള്‍ ഗണിതത്തോടുള്ള എക്സാം വാരിയേഴ്സിന്റെ ഭയം മാറ്റുന്നതില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
ഗൗരവ്: സര്, ഇത് കുട്ടികള്‍ക്ക് ഏറ്റവുമധികം ഉപയോഗപ്രദമാണ്. കാരണം പരീക്ഷാപ്പേടി കാരണം വീടുകളില്‍ പൊല്ലാപ്പാണ്. പരീക്ഷയ്ക്കു വേണ്ടി കുട്ടികള്‍ ട്യൂഷന് പോകുന്നു. രക്ഷാകര്ത്താക്കള് ബുദ്ധിമുട്ടുന്നു. അദ്ധ്യാപകര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ വേദിക് മാത്സ് എന്നു കേട്ടാല്‍ ഇതെല്ലാം അപ്രത്യക്ഷമാകുന്നു. സാധാരണ ഗണിതത്തെ അപേക്ഷിച്ച് വേദിക് മാത്സിന് ആയിരത്തിഅഞ്ഞൂറ് ശതമാനം വേഗത കൂടുതലാണ്. ഇതിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ബുദ്ധിയും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. നമ്മള് വേദഗണിതത്തോടൊപ്പം യോഗയും പരിചയപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ മനസ്സുവെച്ചാല്‍ കണ്ണും പൂട്ടി അവര്‍ക്ക് വേദഗണിത പദ്ധതിയിലൂടെ കാല്ക്കുലേഷന് നടത്താം.
മോദി: അതുപോലെ ധ്യാനത്തിന്റെ നമ്മുടെ പാരമ്പര്യം അതിലും ഈ രീതിയില്‍ ഗണിതം ചെയ്യുക എന്നത് ധ്യാനത്തിന്റെ ഒരു െ്രെപമറി കോഴ്സ് തന്നെയാണ്.
ഗൗരവ്: ശരിയാണ് സര്
മോദി: ഗൗരവ്, താങ്കള്‍ ഒരു ദൗത്യം എന്ന രീതിയില്‍ ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് വളരെ നല്ലതു തന്നെ. താങ്കളുടെ അമ്മ ഒരു ഗുരുവിന്റെ രൂപത്തില്‍ താങ്കളെ ഈ മാര്‍ഗ്ഗത്തിലൂടെ നയിച്ചത് എനിക്ക് വളരെ ഇഷ്ടമായി. ഇന്ന് താങ്കള്‍ ലക്ഷക്കണക്കിന് കുട്ടികളെ ആ മാര്‍ഗ്ഗത്തിലൂടെ മുന്പോട്ട് നയിക്കുന്നു. താങ്കള്‍ക്ക് എന്റെ ആയിരമായിരം ശുഭാശംസകള്‍.
ഗൗരവ്: നന്ദി സര്. ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു സര്. താങ്കള്‍ വേദ്ക് മാത്സിന് പ്രാധാന്യം കൊടുത്തു. എന്നെ ഇതിലേക്ക് തിരഞ്ഞെടുത്തു. ഞങ്ങള്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു സര്.
മോദി: നന്ദി. നമസ്കാരം.
ഗൗരവ്: നമസ്തേ സര്
സുഹൃത്തുക്കളേ, ശ്രീ ഗൗരവ് വേദഗണിതം ഉപയോഗിച്ച് ഗണിതത്തിലെ ബുദ്ധിമുട്ടിനെ മാറ്റി എങ്ങനെ പഠനം രസകരമാക്കാം എന്ന് നല്ലരീതിയില്‍ നമുക്ക് പറഞ്ഞുതന്നു. ഇതുമാത്രമല്ല, വേദിക് മാത്സിലൂടെ നിങ്ങള്‍ക്ക് വളരെ വലിയ സയന്റിഫിക് പ്രോബ്ലംസും സോള്‍വ് ചെയ്യാന്‍ കഴിയും. എല്ലാ മാതാപിതാക്കളും തീര്‍ച്ചയായും അവരുടെ കുട്ടികളെ വേദിക് മാത്സ് പഠിപ്പിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുക തന്നെ ചെയ്യും. അവരുടെ തലച്ചോറിന്റെ അനലറ്റിക്കല്‍ പവര്‍ അതായത് വിവേചനബുദ്ധി വര്‍ദ്ധിക്കും. ഗണിതവുമായി ബന്ധപ്പെട്ട് കുറച്ച് കുട്ടികള്‍ക്കെങ്കിലും ചെറിയ ഭയം ഉണ്ടെങ്കില്‍ അതും പൂര്‍ണ്ണമായും ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: