മൈസൂരില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയാണ് മേല്‍കോട്ടെ (മേലുകൊട്ടെ). തീര്‍ത്ഥാടകരുള്‍പ്പെടെ കര്‍ണാടകത്തിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും മേല്‍കോട്ടെ കാണാതെ മടങ്ങാറില്ല. ഒട്ടേറെ പൗരാണിക ക്ഷേത്രങ്ങളാല്‍ അനുഗൃഹീതമാണ് നാരായണഗിരി കുന്നിനു മീതെയുള്ള ഈ കൊച്ചു പട്ടണവും പരിസരവും. പത്ത,് പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഹോയ്സാല രാജവംശം പണിതതാണ് ക്ഷേത്രങ്ങളത്രയും.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ചെലുവനാരായണ സ്വാമി ക്ഷേത്രമാണ് മേല്കോട്ടെയുടെ പേരിനെ വിഖ്യാതമാക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പലതാണ്. ഹൈന്ദവ നവോത്ഥാന നായകനും ആത്മീയഗുരുവുമായിരുന്ന രാമാനുജാചാര്യനാണ് ചെലുവനാരായണസ്വാമീവിഗ്രഹം കുന്നിനു മീതെ നിന്ന് കണ്ടെടുത്തത്. അദ്ദേഹം പിന്നീട് ഹോയ്സാല രാജാക്കന്മാരുടെ സഹായത്തോടെ ക്ഷേത്രം പണിതുവെന്നാണ് പറയപ്പെടുന്നത്. കാലാന്തരത്തില്‍ വിജയനഗര രാജാക്കന്മാരുടെയും, വോഡയാര്‍ രാജവംശത്തിന്റെയും സംരക്ഷണത്തില്‍ ക്ഷേത്രം യശസ്സു നേടുകയായിരുന്നു.
എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി ചെലുവനാരായണസ്വാമി ക്ഷേത്രവും മേല്കൊട്ടെ പ്രദേശവും പത്തുനാള്‍ നീളുന്ന ബൃഹത്തായ ഒരു ഉത്സവത്തിന് വേദിയാകും. കര്‍ണാടകത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ വൈരമുടി എഴുന്നള്ളത്താണത്. വൈരമുടി ബ്രഹ്മോത്സവമെന്നും ഇത് അറിയപ്പെടുന്നു. മറ്റെങ്ങും ദൃശ്യമല്ലാത്ത ഒട്ടേറെ അനുഷ്ഠാനങ്ങളാണ് പത്തുദിവസങ്ങളിലായി ക്ഷേത്രത്തില്‍ നടക്കുക. അവസാന ദിവസമാണ് പ്രൗഢഗംഭീരമായ വൈരമുടി എഴുന്നള്ളത്ത്. അമൂല്യമായ ഒട്ടേറെ രത്നങ്ങള്‍ പതിച്ച കിരീടവുമായി ഉത്സവ മൂര്‍ത്തിയായ ചെലുവനാരായണ സ്വാമി (ഭഗവാന് വിഷ്ണു) എഴുന്നള്ളുന്നതാണ് ആഘോഷങ്ങളില്‍ പ്രധാനം. ഫാല്‍ഗുനത്തിലെ ഭരണി നക്ഷത്രത്തിലാണ് വൈരമുടി ഉത്സവം.
കിരീടം, പകല്‍വെളിച്ചത്തില്‍ മൂര്‍ത്തിയെ അണിയിക്കാറില്ല. എഴുന്നള്ളത്തിന്റെയന്ന് സന്ധ്യ കഴിഞ്ഞ് അണിയിക്കുന്ന കിരീടം പിറ്റേന്ന് ഉദയത്തിനു മുമ്പേ എടുത്തു മാറ്റും. അരലക്ഷത്തിലേറെപ്പേര്‍ എഴുന്നള്ളത്തില്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്കുകള്‍. കനത്ത സുരക്ഷയില്‍ മാണ്ഡ്യ ജില്ലാ ട്രഷറിയിലാണ് കിരീടം സൂക്ഷിക്കുന്നത്.
വൈരമുടിയുടെ ഐതിഹ്യം: വിഷ്ണുഭഗവാന്റെ രത്നകിരീടം വിരോചനനെന്ന രാക്ഷസന് കട്ടെടുത്തു. ഭഗവാന് ആ സമയം നിദ്രയിലായിരുന്നു. എന്നാല്‍ കിരീടം മോഷ്ടിച്ചകാര്യം വിഷ്ണുവിന്റെ വാഹനമായ ഗരുഡന് അറിഞ്ഞു. വിരോചനനെ കീഴ്പ്പെടുത്തി ഗരുഡന് കിരീടം വീണ്ടെടുത്തു. ആ സംഭവത്തിന്റെ ഓര്‍മയ്ക്കായാണ് വൈരമുടി ഉത്സവം നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: