ദുര്യോധനന്റെ സമ്മതത്താല്‍ തേരാളികളായിവന്ന വമ്പന്മാര് രണ്ടായിരം പേരെയും അവരുടെ രഥങ്ങളും അശ്വങ്ങളും സൂതരെയും സവ്യസാചി നശിപ്പിച്ചു. ഉടനെ കര്‍ണനെ വിട്ട് കൗരവര്‍, അമ്പേറ്റവരും കരഞ്ഞിടുന്നവരും എല്ലാവരും പിതാക്കന്മാരെയും പുത്രന്മാരെയും വിട്ടുകൊണ്ട് ഭയപ്പെട്ടു പാഞ്ഞോടി. ദിക്കുകള്‍ മുഴുവനും ശൂന്യമായി കണ്ടിട്ടും കര്ണന് നടുങ്ങിയില്ല. എതിര്‍ത്തുകൊണ്ട് അവന് അര്‍ജുനന്റെ നേര്‍ക്ക് പാഞ്ഞു.
പരസ്പരം അതിഘോരമായുണ്ടായ പ്രഹരംകണ്ട് യോദ്ധാക്കളെല്ലാം വിസ്മയപ്പെട്ടു. കര്‍ണാര്‍ജുനന്മാരെ ദേവലോകഭൂതങ്ങളെല്ലാം വാഴ്ത്തി. പാതാളലോകത്തു കിടക്കുന്ന അശ്വസോമനെന്ന നാഗം, ഖാണ്ഡവവനദാഹത്തില്‍ എങ്ങനെയോ ചാകാതെ മോചിതനായവന്, പാര്‍ത്ഥനോടുള്ള വൈരം നിമിത്തം ഭൂമിയില്‍ വന്ന് ഒളിച്ചിരുന്നു. ഖാണ്ഡവവനദാഹത്തില്‍ തന്റെ അമ്മയെ കൊന്ന വൈരം മനസ്സില്‍വെച്ചുകൊണ്ട് കര്‍ണാര്‍ജുനന്മാര്‍ പൊരുതിക്കൊണ്ടിരിക്കെ മേല്പ്പോട്ടുപൊങ്ങി അതിവേഗത്തില്‍ കര്ണനറിയാതെ കര്‍ണന്റെ തൂണിക്കുകള്ളില് ബാണമായി കേറിപ്പറ്റി. മഹത്തായ ബാണജാലം അന്തരീക്ഷത്തില്‍ പടരവെ ഇരുട്ടുമൂടിയതകൊണ്ട് മറ്റൊന്നും എത്തുന്നത് കണ്ടില്ല.
സര്വലോകധനുര്ദ്ധരനായ ആ പുരുഷവ്യാഘ്രന്‍, പോരില്‍ നോക്കിക്കണ്ട വീരന്, യുദ്ധംകൊണ്ട് തളര്‍ന്നുപോയി. വാനില്‍നിന്ന് അപ്സരസ്ത്രീകള്‍ ആലവട്ടം വീശവെ, നല്ല ചന്ദനച്ചാര്‍ തളിക്കവെ, വെഞ്ചാമരങ്ങള്‍ വീശവെ, ശക്രാര്ക്കന്മാര് കരാബ്ജങ്ങള്കൊണ്ട് മുഖം തുടയ്ക്കവെ തളര്ച്ചവിട്ടെഴുന്നേറ്റു. പാര്‍ത്ഥനേക്കാള്‍ മെച്ചം നേടാഞ്ഞ്, പാര്ത്ഥബാണങ്ങളെക്കൊണ്ട് മുറിവേറ്റ കര്ണന്, ശരമേറ്റ് അംഗമറ്റവനായ കര്ണന് ഒറ്റയ്ക്കുള്ള ആ അമ്പിലൊന്നു ശ്രദ്ധിച്ചു. ശത്രുഘാതിയായ കര്ണന് ആ ജ്വലിക്കുന്ന സര്പ്പമുഖബാണത്തെ, ധനഞ്ജയനുവേണ്ടി രൗദ്രമായ മെഴുക്കിട്ടു സൂക്ഷിച്ച ആ മഹാശരത്തെ, കര്ണംവരേയ്ക്കാഞ്ഞു വലിച്ച് പാര്‍ത്ഥനെ ലക്ഷ്യംവെച്ചു തൊടുത്തുവിട്ടു. ഉടനെ ദിക്കുകളും ആകാശവും ജ്വലിച്ചു. കടുത്ത കൊള്ളിമീനുകള്‍ ചാടി. നാഗാസ്ത്രം വില്ലിന്മേലണച്ചതുകണ്ടു ഹാ ഹാ യെന്നു ഇന്ദ്രാദിദേവകള് ആര്‍ത്തു. ആ അമ്പിന്യോഗംകൊണ്ട് ആ നാഗം ഉള്പ്പൂകിയത് കര്ണനറിഞ്ഞില്ല. കര്ണന് വില്ലില്‍ അമ്പുകൊരുത്തത്കണ്ട ശല്യന്‍ ‘കഴുത്തിലായി ഈ അമ്പുകൊള്ളില്ല കര്‍ണാ! ശിരസ്സറുക്കാന്‍ അമ്പു നോക്കിത്തൊടുക്കൂ,’ എന്നു പറഞ്ഞു. ആ ശസ്ത്രം കര്ണന് ഓതിവിട്ടു.
‘മരിച്ചൂ നീ അര്‍ജുന!’ എന്നു ശല്യന്‍ വെമ്പിപ്പറഞ്ഞുപോയി. കര്ണന് വിട്ട ശരം ഞാണ്വിട്ട് ഘോരവഹ്നിയായി ആകാശത്ത് ജ്വലിച്ചു. എരിഞ്ഞെത്തുന്നതുകണ്ട കൃഷ്ണന് കാല്കൊണ്ട് മഹാരഥത്തെ താഴേക്ക് ചവുട്ടി അമര്‍ത്തി. ആയത്താല്‍ വെള്ളക്കുതിരകള് മുട്ടുകുത്തി. ഉടനെ കൃഷ്ണന് സല്ക്കാരമായി വാനില്‍നിന്നു ഘോഷമുണ്ടായി. ദിവ്യനാദങ്ങളോടെ ദിവ്യമായ വാക്കുകളും ദിവ്യപുഷ്പങ്ങളും ചൊരിയപ്പെട്ടു. മാധവന്റെ പ്രയത്നം നിമിത്തം തേര്‍ത്തടം ഭൂമിയിലമര്‍ന്ന നേരം പഞ്ചഭൂതവിശ്രുതമായ പാര്ത്ഥകിരീടം സൂര്യചന്ദ്രഗ്രഹാഗ്നികാന്തിയോടെ, പൊന്മുത്തു വജ്രവുമണികളോടെ നിലം പതിച്ചു. അനേകരത്നാഢ്യമായ ആ കിരീടത്തെ പാര്ത്ഥമൂര്ദ്ധാവില്നിന്നും നാഗാസ്ത്രം ദൂരെയെറിഞ്ഞു. ഉടനെ വെള്ളവസ്ത്രംകൊണ്ട് മുടി തൂത്തുകെട്ടി അര്ജുനന് അങ്ങനെ നടുങ്ങാതെ നിന്നു. കര്‍ണനോട് ആ നാഗം പറഞ്ഞു, ‘നീ നോക്കി എയ്യാഞ്ഞതുകൊണ്ട് അര്‍ജുനന്റെ ശിരസ്സ് ഞാനറുത്തില്ല. എങ്കില്‍ ഞാന്‍ എന്റെയും നിന്റെയും ശത്രുവിനെ കൊല്ലുമായിരുന്നു.’ ഇപ്രകാരം പറഞ്ഞതുകേട്ട സൂതപുത്രന്, ‘ഉഗ്രരൂപനാകുന്ന അങ്ങുന്ന് ആരാണ്?’ ‘അമ്മയെക്കൊന്നതിന് പാര്‍ത്ഥനോട് വൈരമുള്ളവനാണ് ഞാന്‍’ എന്നു നാഗം പറഞ്ഞു. ‘ദേവേന്ദ്രന് അവന് പരിരക്ഷചെയ്താലും അവന് പിതൃലോകത്തെത്തും. നീ എന്റെ മൊഴി നിന്ദിക്കാതെ നിന്റെ വൈരിയെ കൊല്ലുക. അല്ലെങ്കില്‍ അവന് എന്നെ കൊല്ലും’
കൃഷ്ണന്പറഞ്ഞു, ‘പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കാന്‍ അഗ്നിയെ അങ്ങ് വില്ലെടുത്ത് സഹായിക്കെ, ഇവന്റെ മതാവ് ശരീരം കാത്ത് മേല്പ്പോട്ടുയരവെ നീ അവരെ കൊന്നുകളഞ്ഞു. അവന് ആ വൈരം നിനച്ച് നിന്നെക്കൊല്വാനെത്തുന്നു. പാര്‍ത്ഥ! വാനില്‍ പായുന്ന കൊള്ളിമീന്‍ കണക്ക് വന്നെത്തിടുന്ന അവനെ നീ കാണുക.’ ഉടനെ പാര്ത്ഥന് കണ്ണുരുട്ടിക്കൊണ്ട് ആറ് അസ്ത്രങ്ങളെ തൊടുത്ത് ആകാശത്തുകൂടിവന്ന ആ നാഗത്തെ കൊന്നുവീഴ്ത്തി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: