ശ്രീകുമാരന്‍ തമ്പി
മലയാളത്തിലെ പ്രഗത്ഭനായ എഴുത്തുകാരന് എന്നതിനപ്പുറം സൗഹൃദം മുഖമുദ്രയാക്കിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ജോണ്‍പോള്‍. സൗഹൃദം കെട്ടിപ്പടുക്കാനും അത് കാത്തു സൂക്ഷിക്കാനും ജോണ്‍പോള്‍ എന്നും ശ്രമിച്ചിരുന്നു. തിരക്കഥാകൃത്ത്, സംവിധായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലയിലും ആ കരസ്പര്‍ശമുണ്ടായിരുന്നു. ജോണ്‍ പോള്‍ നിര്‍മ്മിച്ച ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് ഞാന്‍ പാട്ടെഴുതിയിട്ടുള്ളത്. പക്ഷേ, ഞങ്ങളുടെ സുഹൃദത്തിന്റെ ആഴമളക്കാന്‍ കഴിയാത്തത്ര വലുതായിരുന്നു.
നവധാര സിനിമയ്ക്കും കച്ചവടസിനിമയ്ക്കും ഇടയിലൂടെ ജീവിച്ചയാളായിരുന്നു ജോണ്‍ പോള്‍. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതോടെ പൂര്‍ണമായും എഴുത്തിന്റെ ലോകത്തായിരുന്നു അദ്ദേഹം. സ്വന്തം സ്മരണകളും സൗഹൃദങ്ങളും പുസ്തകമാക്കി. അതിലൊരു പുസ്തകത്തില്‍ അവതാരിക എഴുതാനും എനിക്ക് ഭാഗ്യമുണ്ടായി. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പി.ഭാസ്ക്കരന്‍ ട്രസ്റ്റിന്റെ രണ്ട് രക്ഷാധികാരികള്‍ ഞാനും ജോണ്‍ പോളുമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ ട്രസ്റ്റിന്റെ ഭാസ്ക്കരന്‍ അനുസ്മരണ ചടങ്ങില്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ടായിരുന്നു.
അനിയന്ത്രിതമായ ശരീരഭാരമാണ് ജോണ്‍ പോളിനെ തളര്‍ത്തിയത്. 250 കിലോയിലേറെയായിരുന്നു ഭാരം. എഴുന്നേറ്റ് നില്‍ക്കാനോ, നടക്കാനോ സാധിക്കില്ലായിരുന്നു. ചക്രക്കസേരയിലായിരുന്നു സഞ്ചാരം. സിനിമയ്ക്കും സാഹിത്യത്തിനും തീരാ നഷ്ട്ടമാണ് ജോണ്‍ പോളിന്റെ മരണം. പക്ഷേ, ഈ മരണത്തിലൂടെ ജീവിതത്തിലെ ദുരിതപര്‍വത്തില്‍ നിന്നുള്ള മോചനമാണ് എന്റെ ചങ്ങാതിക്ക് ലഭിച്ചതെന്ന് ഞാന്‍ കരുതുന്നു.
ജീവിതഗന്ധിയായ തിരക്കഥ
ജോണ്‍പോളിന്റെ വിയോഗം അപ്രതീക്ഷിതം. ജീവിതഗന്ധിയായ തിരക്കഥയായിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് അടര്‍ന്ന് വീണത്. മലയാള സിനിമയ്ക്ക് എക്കാലത്തും മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു.
# മമ്മൂട്ടി
അത്യപൂര്‍വ പ്രതിഭാശാലി
ഉള്‍ക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന അത്യപൂര്‍വ പ്രതിഭാശാലിയായിരുന്നു ജോണ്‍പോള്‍. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കാന് സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.
# മോഹന്‍ലാല്‍
പ്രചോദനമേകിയ മനുഷ്യന്
ജോണ്‍ പോള്‍ ഒരു തിരക്കഥാകൃത്ത് മാത്രമല്ല വലിയൊരു മനുഷ്യസ്നേഹിയും ഗുരുവുമായിരുന്നു. ഞങ്ങളുടെയൊക്കെ തുടക്കകാലത്ത് ഏറെ പ്രചോദിപ്പിച്ചിരുന്ന മനുഷ്യന്. സിനിമ നമ്മുടെ ശ്വാസമാകുന്നത് എങ്ങനെയെന്നു മനസ്സിലായത് അദ്ദേഹത്തെപ്പോലെയുള്ള ഒരു തിരക്കഥാകൃത്തിനെയും എഴുത്തുകാരനെയും പരിചയപ്പെട്ടപ്പോഴാണ്. 1985 മുതല്‍ അടുത്തറിയാം. ഭരതേട്ടന്റെ ചാമരം, മര്മ്മരം, വിടപറയും മുന്‍പേ ഒക്കെ കണ്ടു കഴിഞ്ഞപ്പോഴാണ് ക്രിയേറ്റീവ് റൈറ്റര്‍ എന്നാല്‍ എന്താണെന്ന് മനസിലാകുന്നത്.
ജോണ്‍ അങ്കിള്‍, ഭരതേട്ടന്, സേതുമാധവന് സര്, ശശി ഏട്ടന്, മോഹന്‍ സര് തുടങ്ങിയവരൊക്കെയുള്ള കൂട്ടായ്മ മലയാള സിനിമയുടെ നിത്യഹരിതമായ കൂട്ടുകെട്ടായിരുന്നു. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആരോരുമറിയാതെ, അറിയാത്ത വീഥികള്‍ പോലെയുള്ള സിനിമകള്‍ സ്ഥിരമായുള്ള നര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമായുള്ള പാറ്റേണില്‍ ഉള്ളവയായിരുന്നു. അദ്ദേഹത്തിന്റെ മരണം സിനിമാമേഖലയ്ക്കു മാത്രമല്ല, വ്യക്തിപരമായും നഷ്ടമാണ്.
# മധുപാല്‍
യാത്രാമൊഴി
യാത്ര.. മിഴിനീര്‍പൂവുകള്‍.. ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓര്‍മയ്ക്കായി… ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍!
കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി.
# മഞ്ജുവാര്യര്‍
മികച്ച നേതൃപാടവം
എറണാകുളത്തെ സിനിമാ മേഖലകളിലെ ഒട്ടുമിക്ക ആള്‍ക്കാരെയും പരിചയപ്പെടാനായത് ജോണ്‍ പോള്‍ മുഖാന്തരമാണ്. അദ്ദേഹത്തിനൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്യാനായി. കൂടാതെ മൂന്ന് ടെലിഫിലിമുകളും ചെയ്തിട്ടുണ്ട്. എപ്പോഴും ആശയ വിനിമയം നടത്തിയിരുന്നു.
സിനിമ, സാഹിത്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വഴക്കിടുമായിരുന്നെങ്കിലും പെട്ടന്ന് സൗഹൃദത്തിലേക്ക് തിരിച്ചുവരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ചീത്തയാണെങ്കില്‍ ചീത്തയാണെന്നും നല്ലതാണെങ്കില്‍ നല്ലതാണെന്നും പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. തനിക്ക് അധ്യാപനം താത്പര്യമില്ലാതിരുന്നിട്ടും ജോണിന്റെ പിന്തുണയോടെയാണ് അധ്യാപനത്തിലേക്ക് ആദ്യകാലഘട്ടത്തില്‍ പോകാനായത്.
നല്ല നേതൃപാടവം ഉണ്ടായിരുന്ന അദ്ദേഹം മികച്ച ഒരു ജേണലിസ്റ്റുമായിരുന്നു. വേറെ ആരും സ്പര്‍ശിക്കാത്ത തരത്തിലുള്ള സിനിമകളാണ് ഞങ്ങള്‍ പരസ്പരം ചെയ്തത്. കഥയറിയാതെ, ആലോലം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
# മോഹന്‍ (സംവിധായകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: