ആസന്നമായ അത്യാപത്തിനെ സൂചിപ്പിക്കാനാണ് ‘അന്ത്യവിധി’ എന്ന പദം ഉപയോഗിക്കുന്നത്. അങ്ങനെയാണ് മനുഷ്യന്റെ ക്രൂരതമൂലം ലോകാവസാനം ഉണ്ടാകുന്നതിനെ അറിയിക്കുന്ന ‘ക്ലോക്കി’ന് അന്ത്യവിധിയുടെ നാഴികമണി (ഡൂംസ് ഡേ ക്ലോക്ക്) എന്ന പേര് വീണത്. ഇപ്പോള്‍ അന്റാര്‍ട്ടിക്കയിലെ അനന്ത വിസ്തൃതമായ ഒരു മഞ്ഞുപാളിയെ വിളിക്കാനും ഇതേ വിശേഷണം ഉപയോഗിക്കുന്നു. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നായ ‘ത്വയിറ്റ്സ് ഗ്ലേഷ്യറി’നാണ് അന്ത്യവിധിയുടെ ഹിമാനി എന്ന പേര് വീണത്.
അന്റാര്‍ട്ടിക്കയില്‍ 192000 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന ത്വയിറ്റ്സ് ഹിമാനിക്ക് ഏതാണ്ട് ബ്രിട്ടന്റെ വലിപ്പം വരും. വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയിലെ ഹിമാനി ശാസ്ത്രജ്ഞനായ ഫ്രെഡറിക് റ്റി. ത്വയിറ്റ്സിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. ഒരു ആഴക്കടല്‍ പര്‍വ്വതത്തിന്റെ മേല്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന ഈ ഹിമാനി വലിയൊരു അപകടത്തിന്റെ വക്കിലാണിന്ന്. ഈ അപകടം സംഭവിച്ചാല്‍ മനുഷ്യ വംശത്തിന്റെ ചരിത്രത്തിലെ ഒരു ദുരന്തമായി മാറുമെന്ന് ശാസ്ത്രം മുന്നറിയിപ്പ് നല്കുന്നു.
ആഗോളതാപനത്തിന്റെ കരുത്തില്‍ ഈ ഹിമാനി അനുനിമിഷം ഉരുകിക്കൊണ്ടിരിക്കുകയാണ്. മഞ്ഞുപാളിയുടെ അടിയിലെ ഐസിനെ ചൂട് വെള്ളം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനകം ത്വയിറ്റ്സ് ഹിമാനി ഉരുകിയൊലിച്ച് ഇല്ലാതാവും.
അങ്ങനെ ഉണ്ടായാല്‍ സംഭവിക്കുക എന്താണെന്നല്ലേ? ആഗോള വ്യാപകമായി കടല്‍ നിരപ്പ് രണ്ടടി ഉയരും. അന്തര്‍ദേശീയ ഗവേഷണ സംഘം പറയുന്നത് 65 സെന്റിമീറ്റര്‍ അഥവാ 26 ഇഞ്ച് കടല്‍ ഉയരുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ വെള്ളത്തിലാവുക ലോകത്തെ എത്രയോ മഹാനഗരങ്ങള്‍-ഷാങ്ഹായ്, ന്യൂയോര്‍ക്ക്, മിയാമി, ടോക്കിയോ, മുംബൈ, ജക്കാര്‍ത്ത, കൊല്‍ക്കത്ത, ബാങ്കോക്ക്, ഢാക്ക, സിഡ്നി, ദുബായ്… ദ്വീപുകളായ കിരിബാത്തി, തുവാലു, മാലദ്വീപുകള്‍ തുടങ്ങിയവ അപ്രത്യക്ഷമാവും.
ഇത്തരത്തില്‍ കടല്‍ നിരപ്പുയര്‍ന്നാല്‍ ലോകത്ത് വന്‍ സാമ്പത്തികത്തകര്ച്ചയാവും സംഭവിക്കുക. അഭയാര്‍ത്ഥി പ്രവാഹം, സാംക്രമിക രോഗങ്ങളുടെ തേര്‍വാഴ്ച, ജൈവ മണ്ഡലത്തിന്റെ തകര്‍ച്ച ഇതൊക്കെ ഫലം. ഹിമാനിയുടെ തകര്‍ച്ച അന്റാര്‍ട്ടിക്കയുടെ പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി ഹിമാനികളെ അസ്ഥിരപ്പെടുത്തുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അവയൊക്കെ പൊട്ടിയൊലിച്ച് കഷണങ്ങളായി കടലിലെത്തും. അവയൊക്കെ ഉരുകുന്നതോടെ കടല്‍ നിരപ്പ് വീണ്ടും ഉയരും.
ആളില്ലാ മുങ്ങിക്കപ്പലുകള്‍, യന്ത്രമനുഷ്യര്‍ തുടങ്ങിയ സര്‍വ്വസന്നാഹങ്ങളുമായി അമേരിക്കയുടെ ഒരു ഗവേഷണ സംഘം സദാ നിരീക്ഷിക്കുന്നുണ്ട് ഈ ഹിമാനിയെ. ഏതാണ്ട് 50 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന ഒരു പദ്ധതി. രണ്ടായിരാമാണ്ടിനു ശേഷം ഇതുവരെ ഏതാണ്ട് 1000 ശതകോടി (ബില്യന്‍) ടണ്‍ മഞ്ഞ് ത്വയ്റ്റ്സില് നിന്ന് ഉരുകി ഒലിച്ചതായി അവര്‍ കണക്കുകൂട്ടുന്നു. ആഗോളതലത്തില്‍ കടല്‍ നിരപ്പുയരുന്നതിന്റെ നാലു ശതമാനം സംഭാവന ഈ ഹിമാനിയുടെതാണെന്നും അവര്‍ പറയുന്നു. കടല്‍ വെള്ളം ചൂടായതിനെ തുടര്‍ന്ന് ഹിമാനിയുടെ അടിയില്‍ പടുകൂറ്റന്‍ പോടുകള്‍ (കാവിറ്റി)രൂപപ്പെട്ടതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി അമേരിക്കയിലെ മന്ഹട്ടന് നഗരത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ പോടുകള്‍. അവ ഹിമാനിയെ അസ്ഥിരമാക്കുന്നതില്‍ വലിയ പങ്കുവഹിക്കും.
ഇതുവരെ പറഞ്ഞത് ഉരുകിയൊലിക്കുന്ന ഹിമാനിയെപ്പറ്റിയാണെങ്കില് ഇനി പറയുന്നത് സദാ കത്തിയെരിയുന്ന ഒരു തുരങ്കത്തെപ്പറ്റിയാണ്. കഴിഞ്ഞ അന്‍പത് വര്‍ഷമായി കത്തിയെരിയുന്ന ഒരു ഗുഹാമുഖം. ഓറഞ്ചുനിറത്തിലുള്ള അഗ്നിജ്വാലകളും മണ്ണും ചെളിയും തിളച്ചുമറിയുന്ന ചൂടുംകൊണ്ട് നാട്ടുകാരെ ഭയപ്പെടുത്തുന്ന ഒരു ഗുഹാമുഖം. ഇതിന്റെ അറിയപ്പെടുന്ന പേര് ‘ദര്‍വാസാ ഗ്യാസ് ക്രേറ്റര്‍’ എന്ന്. പക്ഷേ നാട്ടുകാര്‍ വിളിക്കുന്നതാവട്ടെ നരക കവാടം (ഗേറ്റ്സ് ഓഫ് ഹെല്) എന്നും.
തുര്‍ക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗാബതില്നിന്ന് 260 കിലോമീറ്റര്‍ അകലെ കാരകം മരുഭൂമിയില്‍ ദര്‍വാസാ ഗ്രാമത്തിലാണ് കഷ്ടിച്ച് ഒന്നരയേക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ ‘നരക കവാടം.’ കൃത്യമായി പറഞ്ഞാല്‍ 5350 ചതുരശ്ര മീറ്ററാണ് ഇതിന്റെ വലിപ്പം. ഏതാണ്ട് 226 അടി ചുറ്റളവ്. നൂറ് അടി ആഴം. സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ തീ കെടുത്താന്‍ ശ്രമം തുടങ്ങിയതാണ്. പക്ഷേ നടന്നില്ല. തുര്‍ക്മെനിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന ബെര്‍ഡി മുഖമ്മഡോവ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീയണക്കല്‍ ശ്രമത്തിന് നേതൃത്വം നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല.
പക്ഷേ ഈ നരകാഗ്നിയുടെ തുടക്കം എങ്ങനെയാണെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ അറിവില്ല. എല്ലാം അറിയാവുന്നത് അന്നത്തെ സോവിയറ്റ് യൂണിയന് മാത്രം. സോവിയറ്റ് യൂണിയന് ആവശ്യമായ ഓയില്‍ നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഇരയാണ് ഈ നരകാഗ്നി എന്ന് വിശ്വസിക്കപ്പെടുന്നു. 1971 ല്‍ ഈ ഗ്രാമത്തിലെത്തിയ എണ്ണ പര്യവേഷണ സംഘം അവിടെ പ്രകൃതിവാതകമായ ‘മീതേന്‍’ ഉള്ളതായി കണ്ടെത്തി. അവര്‍ കുഴിക്കാന്‍ തുടങ്ങി. തുടക്കം തന്നെ പാളി. അവരുടെ ഓയില്‍ റിഗ്ഗും യന്ത്രങ്ങളുമെല്ലാം ഭൂമിക്കുള്ളിലേക്ക് വഴുതി വീണു. അവിടെനിന്ന് വന്‍ തോതില്‍ പ്രകൃതി വാതകം പുറത്തേക്ക് ചീറ്റി. അതിനെ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
പക്ഷേ അനുനിമിഷം അന്തരീക്ഷത്തിലേക്കുയരുന്ന മീതേന്‍ അയല്‍ ഗ്രാമങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞരെ പരിഭ്രാന്തരാക്കി കാര്‍ബണ്‍ഡൈ ഓക്സൈഡിനെക്കാളും വിനാശകാരിയായ ഈ ‘മലിന ഗ്രീന്‍ഹൗസ്’ വാതകം കാലാവസ്ഥാ മാറ്റത്തിന് ആക്കം കൂട്ടുമെന്ന് അവര്‍ ഭയന്നു. ഗുഹാമുഖത്ത് തീകൊളുത്തി പ്രകൃതിവാതകം കത്തിച്ചു കളയാനായിരുന്നു അവരുടെ തീരുമാനം. അവരുടെ കണക്കുകൂട്ടല്‍ പ്രകാരം ഏതാനും ആഴ്ചകൊണ്ട് മീതേന്‍ പൂര്‍ണമായും കത്തിത്തീരും. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. 1971 ല്‍ കത്തിത്തുടങ്ങിയ ഗുഹാമുഖം അരനൂറ്റാണ്ടിനു ശേഷവും നിന്നുകത്തുകയാണ്.
തീ അണയ്ക്കാന്‍ സകല അടവും പയറ്റി പരാജയപ്പെട്ട തുര്‍ക്മെനിസ്ഥാന്‍ ഒടുവില്‍ ‘വീണടം വിദ്യയാക്കാന്‍’ തീരുമാനിച്ചു. ദര്‍വാസാ ഗ്രാമത്തിലെ നരകാഗ്നി ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: