മാംഗളൂരു: കര്‍ണ്ണാടകയില്‍ മാംഗളൂരുവിനടുത്തുള്ള മലാലിയിലെ ഒരു പള്ളി പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുതുടങ്ങിയപ്പോള്‍ ഉയര്‍ന്നുവന്നത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. ഇതോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രക്ഷോഭം തുടങ്ങി.
മാംഗളൂരുവിലെ പൊലാലി ക്ഷേത്രത്തിനടുത്തുള്ള മലാലി മാര്‍ക്കറ്റിലെ പള്ളിയാണ് പുതുക്കിപ്പണിയുന്നതിനായി പൊളിച്ചത്. ഇതിനുള്ളില്‍ നിന്നാണ് പഴയൊരു ക്ഷേത്രത്തിന്റെ വാസ്തുശില്പമാതൃകയുടെ ഘടന ഉയര്‍ന്നുവന്നത്. ഉടനെ ഇത് പൊതുജനത്തിന്റെ കണ്ണില്‍പ്പെട്ടു.
ഹിന്ദു സംഘടനകള്‍ പാഞ്ഞെത്തിയതോടെ സംഭവം വൈറലായി. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നായി ഹിന്ദു സംഘടനകള്‍. ഈ ക്ഷേത്രത്തിന്റെ രൂപമാതൃക ജനത്തിന് കാണാന്‍ കഴിയാത്തവണ്ണം പള്ളിയുടെ മതില്‍ക്കെട്ട് ഉയര്‍ത്തിയിരുന്നു. ‘ ഒറ്റനോട്ടത്തില്‍ ഒരു പഴയ ക്ഷേത്രം പള്ളിയാക്കി മാറ്റിയെടുത്തതുപോലായാണ് തോന്നുക. ഈ കെട്ടിടത്തിന്റെ അകവും പുറവും ഒരു ക്ഷേത്രവുമായി സാമ്യമുണ്ട്. പള്ളി പുതുക്കിപ്പണിയാന്‍ നല്കിയ ഉത്തരവ് ഇതോടെ ഗ്രാമപഞ്ചായത്ത് റദ്ദാക്കി. ഇതേപ്പറ്റി പുരാവസ്തുവകുപ്പ് അന്വേഷണം നടത്തണം. ഈ ക്ഷേത്രത്തിന്റെ രൂപഘടന പഴയതുപോലെ നിലനിര്‍ത്താനുള്ള നടപടിയെടുക്കണം’- സ്ഥലം സന്ദര്‍ശിച്ച വിശ്വഹിന്ദുപരിഷത്ത് ഡിവിഷണല്‍ സെക്രട്ടറി ഷരണ്‍ പംപ്വേല് ആവശ്യപ്പെട്ടു.
ഈ കെട്ടിടത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവിധ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമം നടക്കുകയാണ്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്ഥലം സര്‍ക്കാര്‍ ഭൂമിയായിരുന്നെന്നും പള്ളി പണിയാന്‍ അനുവദിച്ചതാണെന്നും ചിലര്‍ പറയുന്നു. 2001ലാണ് 90 സെന്റ് സ്ഥലം നല്‍കിയതെന്ന് പറയുന്നു. എന്നാല്‍ ഇവിടെ പൊലാലി രാജരാജേശ്വരി ക്ഷേത്രത്തിന്റെ പരിസരത്തുണ്ടായിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും അവകാശവാദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: