ന്യൂദല്‍ഹി: കേരളത്തിലെ വനവാസി വിഭാഗത്തിലെ വൈദ്യന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക്. സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ദല്‍ഹിയില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള വനവാസി വിഭാഗത്തില്‍പ്പെട്ട വൈദ്യന്മാരായ ഇ.സി. കേളു വൈദ്യര്‍ കാട്ടിക്കുളം, രവിസുധന്‍ വൈദ്യര്‍ കാട്ടിക്കുളം, സി. കൃഷ്ണന്‍ വൈദ്യര്‍ മേപ്പാടി, അട്ടപ്പാടിയില്‍ നിന്നുള്ള രംഗസ്വാമി വൈദ്യര്‍, രാജേഷ് വൈദ്യര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഏപ്രില്‍ 30ന് കൊച്ചിയില്‍ എത്തുമ്പോള്‍ വെച്ച് വിശദമായ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്‌ക്കുശേഷം സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറും ആ സര്‍ക്കാരിലെ മന്ത്രിയും ആയതിനാല്‍ അനുകൂല നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വനവാസി വിഭാഗത്തില്‍ തലമുറകളായി ചികിത്സ നടത്തുന്ന വൈദ്യന്മാരുടെ ഒരു സംഘം സുരേഷ് ഗോപിയെ കണ്ട് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിതന്നെ വനവാസി വൈദ്യന്മാരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് അവസരം ഒരുക്കാന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: