ന്യൂദല്‍ഹി: പാകിസ്ഥാനില്‍ പഠിക്കാന്‍ പോയാല്‍ പിന്നെ ഇന്ത്യയില്‍ ജോലിയോ ഉന്നതവിദ്യാഭ്യാസമോ പ്രതീക്ഷിക്കേണ്ടെന്ന് യുജിസി(യൂണിവേഴ്സ്റ്റി ഗ്രാന്റ്സ് കമ്മീഷന്) യും എഐസിടിഇയും(ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍). യുജിസിയും എ ഐസിടിഇയും സംയുക്തമായി പുറത്തിറക്കിയ ഉപദേശകക്കുറിപ്പിലാണ് ഇക്കാര്യം ഇന്ത്യയിലെ വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ചൈനയില്‍ ഉപരിപഠനത്തിന് പോകുന്നതിനെതിരെയും യുജിസി ഇതുപോലെ ഒരു ഉപദേശസ്വഭാവമുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. ചൈനീസ് സര്‍വ്വകലാശാലകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ചൈന വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു ഉത്തരവ് യുജിസി ഇറക്കിയത്. അതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ ഇത്രയും പരസ്യമായ നിലപാടുള്ള ഉപദേശകസ്വഭാവമുള്ള ഉത്തരവ് ഇറക്കുന്നത്. ചൈനയുടേത് പോലുള്ള പ്രകോപനം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് യുജിസിയും എ ഐസിടിഇയും ഇത്തരമരൊരു ഉപദേശക മെമ്മോ പുറത്തിറക്കിയത്.
‘ഏതെങ്കിലും ഇന്ത്യന്‍ പൗരനോ ഇന്ത്യയിലെ വിദേശപൗരനോ പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളെജിലോ, വിദ്യാഭ്യാസസ്ഥാപനങ്ങളിലോ പ്രവേശനം എടുത്താല്‍ അവര്‍ ഇന്ത്യയില്‍ ഉപരിപഠനത്തിനോ ജോലി തേടുന്നതിനോ അര്‍ഹരല്ല. ‘- സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേ സമയം കുടിയേറ്റക്കാരോ അവരുടെ മക്കളോ പാകിസ്ഥാനില്‍ ഉന്നതവിദ്യാഭ്യാസം നേടുകയും ഇന്ത്യന്‍ പൗരത്വം കൈവശമുണ്ടായിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ലിയറന്‍സ് നല്കിയാല് ഇന്ത്യയില്‍ ജോലി തേടാം- വാര്‍ത്താക്കുറിപ്പ് പറയുന്നു.
പൊതുവേ പാകിസ്ഥാനില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യക്കാര്‍ കുറവായതിനാല്‍, പുതിയ ഉപദേശം പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ പാകിസ്ഥാനിലേക്ക് ഉപരിപഠനത്തിന് പോകുന്ന സാഹചര്യം ഇല്ലാതാകുമെന്ന് കരുതുന്നു. 2020ല്‍ 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ (ഇവരില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുള്ളവരാണ്) ആണ് പാകിസ്ഥാനില്‍ ഉപരിപഠനത്തിന് പോയത്. 2021ലെ കണക്ക് ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: