ഇസ്ലാമാബാദ്: വിദ്യാര്‍ഥിനികള്‍ ക്യാമ്പസില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാകിസ്ഥാനിലെ സ്വാബി വിമന്‍ യൂണിവേഴ്‌സിറ്റി. പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വനിതാ സര്‍വ്വകലാശാലയിലാണ് സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചത്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 5,000 രൂപ പിഴയിടുമെന്നും മുന്നറിയിപ്പുണ്ട്.
‘സ്മാര്‍ട്‌ഫോണുകള്‍, ടച്ച് സ്‌ക്രീന്‍ മൊബൈലുകള്‍, ടാബ്ലറ്റുകള്‍ എന്നിവയൊന്നും ക്യാമ്പസിനുള്ളില്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ അമിത സമൂഹ മാധ്യമ ആപ്പുകളുടെ ഉപയോഗം ശ്രദ്ധയില്‍ പെട്ടു. ഇത് കോളേജില്‍ അനുവദനീയമല്ല. കോളേജ് പ്രവൃത്തി സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല.’ – സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വിലക്ക് ലംഘിച്ച് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 5,000 രൂപ പിഴയിടുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്.
ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സര്‍വ്വകലാശാലകള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണരീതികളും മുടി സ്റ്റൈലുകളും ഉള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. നേരത്തെ ഇവിടെയുള്ള ഹസാര യൂണിവേഴ്സിറ്റി പെണ്‍കുട്ടികള്‍ മേക്കപ്പ് ഇടുന്നത് വിലക്കിയിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയോട് അടുത്ത ഈ മേഖല താലിബാന് സ്വാധീനമുള്ള പ്രദേശമാണ്.
കഴിഞ്ഞ വര്‍ഷം മേയില്‍, പെഷവാര്‍ സര്‍വകലാശാല പെണ്‍കുട്ടികള്‍ക്കായി പുതിയ വസ്ത്രധാരണ രീതി കൊണ്ടുവരികയും അവരോട് ചെസ്റ്റ് കാര്‍ഡുകള്‍ എപ്പോഴും ധരിക്കാനായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: