ന്യൂദല്‍ഹി : രാജ്യത്തെ വിമനത്താവളങ്ങളുടെ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നാല് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. രാജ്യത്തെ വ്യോമഗതാഗത കൂടുതല്‍ സൗകര്യ പ്രദമാക്കുന്നതിനും കുടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.
2025-26 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 141ല്‍ നിന്നും 200 ആക്കി ഉയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനായി 98,000 കോടിയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 22,000 കോടി നല്‍കും. നിര്‍മാണം നടന്ന് വരുന്ന ഗുജറാത്തിലേയും ഇറ്റാനഗറിലേയും വിമാനത്താവളങ്ങള്‍ക്കായി 3,300 കോടിയും വകയിരുത്തിയിട്ടുണ്ട്.
നവി മുംബൈ, ഗോവ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ നിര്‍മാണം നടന്ന് വരുന്ന വിമാനത്താവളങ്ങള്‍ക്കും രാജ്യത്ത് സ്വകാര്യ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് വിമാനത്താവളങ്ങളുടെ ആന്തരിക വികസനങ്ങള്‍ക്കായി 67,000 കോടിയും വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 74 വിമാനത്താവളങ്ങളാണ് പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ 67 എണ്ണം ബിജെപി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ളതാണ്. കോവിഡ് അടച്ചു പൂട്ടലുകള്‍ക്ക് ശേഷം രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. 4,07,000 പേരാണ് കഴിഞ്ഞ ഞായറാഴ്ച വിമാന യാത്രചെയ്തിട്ടുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് വിമാന യാത്രക്കാരുടെ എണ്ണം ഇത്രയും ഉയര്‍ന്നത്.
2019-2020 വര്‍ഷത്തില്‍ 144 മില്യണ്‍ പേരാണ് ഇന്ത്യയില്‍ വിമാന യാത്ര ചെയ്തിട്ടുള്ളത്. 2025- 2026 വര്‍ഷത്തില്‍ ഇത് 400 മില്യണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വിമാന ഇന്ധന വിലകുറയ്ക്കുന്നതിനായി നികുതി കറയ്ക്കുന്നതിനായി രണ്ട് വര്‍ഷമായി ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: