രാജേഷ് സോപാനം
തൃപ്പൂണിത്തുറ: ആക്രി പെറുക്കി സ്വരുക്കൂട്ടുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്കു സ്വപ്‌നഭവനം നിര്‍മിക്കുകയാണ് തൃപ്പൂണിത്തുറ സേവാഭാരതി. ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെയാണ് വ്യത്യസ്തമായ ഈ ദൗത്യം സേവാഭാരതി സാക്ഷാത്കരിക്കുന്നത്.
തൃപ്പൂണിത്തുറ സേവാഭാരതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നാലു വീടാണ് നിര്‍മിച്ച് നല്‍കിയത്. നിരവധി വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് ആ വീടുകള്‍ സേവാഭാരതി പണിതു നല്‍കിയത്. അപ്പോഴാണ്, അഞ്ചാമത്തെ വീടിനായി അപേക്ഷയെത്തിയത്. ആ വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ തുച്ഛമായ പണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വീട് സ്വപ്‌നം കണ്ടിരുന്ന കുടുംബത്തിന് വേണ്ടി ‘ആക്രി ചലഞ്ച്’ എന്ന കൗതുകം ഉണര്‍ത്തുന്ന പദ്ധതി സേവാഭാരതി സെക്രട്ടറി രാജന്‍ പനയ്‌ക്കല്‍ ആണ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. ആദ്യം എല്ലാവരും അമ്പരന്നെങ്കിലും വ്യത്യസ്തമായ ആശയത്തെ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുത്തു. പിന്നീടത് ജനങ്ങളും ഏറ്റെടുത്തതോടു കൂടി ഹിറ്റായി.
നിരവധി വീടുകളില്‍നിന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ആക്രി സാധനങ്ങള്‍ പെറുക്കിക്കൂട്ടി. പത്രങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും ഇലക്ട്രിക് വേസ്റ്റുമടക്കം പതിനായിരക്കണക്കിന് രൂപയുടെ ഉത്പന്നങ്ങള്‍ സേവാഭാരതിക്ക് ജനം നല്‍കി. ഇനി ആരും ആക്രി സാധനങ്ങള്‍ വലിച്ചെറിയില്ല, രൂപ നല്‍കി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആക്രി കൊടുത്ത് സഹായിക്കാമല്ലോ എന്നതാണ് ജനവികാരം.
ചലഞ്ചിലൂടെ ലഭിച്ച പണം കൊണ്ടും മറ്റു സഹായം കൊണ്ടും എട്ടെന്നില്‍ വേമ്പനാട്ടില്‍ മിനി പ്രഭാകരന്റെ കുടുംബത്തിനായി ഒരുങ്ങുന്ന വീടിന്റെ പണി അവസാനഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: