വണ്ണപ്പുറം: സ്വകാര്യ വ്യക്തിയുടെ കിണറില്‍ വീണ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. ഇന്നലെ പുലര്‍ച്ചെ വണ്ണപ്പുറം പഞ്ചായത്തിലെ ദര്‍ഭത്തൊട്ടി പുതുപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണന്റെ റബര്‍ത്തോട്ടത്തിലെ കിണറ്റിലാണ് 500 കിലോയിലേറെ തൂക്കം വരുന്ന വലിയ കാട്ടുപോത്ത് വീണത്.
ജനവാസമേഖലയായ ഇവിടെ ആദ്യമായാണ് കാട്ടുപോത്ത് എത്തുന്നത്. രാവിലെ നായ്ക്കളുടെ തുടര്‍ച്ചയായുള്ള കുരകേട്ട് സമീപവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കിണറ്റില്‍ പോത്തിനെ കാണുന്നത്. പൈനാപ്പിള്‍ കൃഷി നനയ്ക്കാനായി കുത്തിയ കിണറിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ പോത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. ഉടന്‍തന്നെ പഞ്ചായത്തംഗം രാജീവ് ഭാസ്കരന് വനം വകുപ്പിനെയും പൊലീസിനെയും വിവരമിയിച്ചു. എട്ട് മണിയോടെ സ്ഥലത്തെത്തിയ വനപാലകരും പോലീസും നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടങ്ങി.
കാട്ടുപോത്തിനെ മയക്ക് വെടിവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ കോതമംഗലം ഡിഎഫ്ഒയുടെ നിര്‍ദ്ദേശപ്രകാരം കിണറിന്റെ അരിക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു താഴ്ത്തി. ഉച്ചയോടെ ഇതുവഴി കരയ്ക്ക് കയറിയ പോത്ത് അക്രമകാരിയാകാതെ സമീപത്തെ തേക്കിന് കൂപ്പിലേയ്ക്ക് കയറിപ്പോയി. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുളള നാട്ടുകാരുടെ മണിക്കൂറുകളായുള്ള ആശങ്കയ്ക്ക് വിരാമമായി. കാട്ടുപോത്ത് വീണ്ടും നാട്ടില്‍ ഇറങ്ങുമോ എന്ന പേടി ജനങ്ങള്‍ക്കുണ്ട്.
ഇടുക്കി വനത്തില്‍ നിന്ന് മണ്ണൂക്കാട് വനമേഖല വഴി തേക്കിന്കൂപ്പിലെത്തിയതാകാം കാട്ടുപോത്തെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിഎഫ്ഒ ആര്.വി.ജി കണ്ണന്, റേഞ്ച് ഓഫീസര്‍ തമ്പി, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ സജി, റെജികുമാര്‍, കാളിയാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: