പത്ത് വര്‍ഷത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനു പിന്നാലെ നെറ്റ്ഫ്‌ലിക്‌സിന്റെ ഓഹരികളില്‍ 25 ശതമാനം ഇടിവും രേഖപ്പെടുത്തി. ഇത് ആദ്യമായാണ് നെറ്റ്ഫ്‌ലിക്‌സിന് ഇത്രയും വലിയ തിരിച്ചടി നേടിടേണ്ടി വന്നത്.
ചൊവ്വാഴ്ച പുറത്തിറക്കിയ വരുമാന റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസകാലയളവില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വര്‍ഷം മുമ്പ് ചൈനക്കു പുറത്തേക്ക് വളര്‍ന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. ഉക്രൈനിനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,00 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കണക്കു നോക്കിയാല്‍ ഇത് നാലാം തവണയാണ് നെറ്റ്ഫ്‌ലിക്സിന്റെ വരിക്കാരുടെ എണ്ണം മുന്‍പത്തേക്കാള്‍ താഴേക്ക് പോകുന്നത്. ആപ്പിള്‍, വാള്‍ട്ട് ഡിസ്നി പോലുള്ള എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരം നെറ്റ്ഫ്‌ളിക്‌സിനെ ബാധിച്ചേക്കുമോ എന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20 ലക്ഷം വരിക്കാരുടെ നഷ്ടമാണ് നെറ്റ്ഫ്‌ളിക്‌സ് മുന്‍കൂട്ടി കാണുന്നത്. ബുധനാഴ്ചത്തെ ഓഹരി ഇടിവ് തുടരുകയാണെങ്കില്‍ നെറ്റ്ഫ്‌ലിക്‌സ് ഓഹരികള്‍ക്ക് ഈ വര്‍ഷം കമ്പനിയുടെ മൂല്യത്തിന്റെ പകുതിയിലധികം നഷ്ടപ്പെടും.2021ല്‍ കമ്പനി 18.2 ദശലക്ഷം വരിക്കാരെയാണ് പുതിയതായി ചേര്‍ത്തത്. അതിനു പിന്നാലെയാണ് ഈ തിരിച്ചടി.
2020 ല്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വിനോദത്തിനായി ഒടിടി സേവനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തിയതിനു പിന്നാലെയും വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു അക്കൗണ്ടിലെ പാസ്‌വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നലധികം ആളുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ സാധിക്കുന്നതും തിരിച്ചടിക്ക് കാരണമായി നെറ്റ്ഫ്‌ളിക്‌സ് വിലയിരുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുടുംബങ്ങള്‍ അവരുടെ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലുമോ പാസ്‌വേര്‍ഡ് ഉപയോഗിച്ച് നെറ്റ്ഫ്‌ളിക്‌സ് കാണുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ രീതി അവസാനിപ്പിച്ച് കൂടുതല്‍ ആളുകളെ അവരുടെ സ്വന്തം അക്കൗണ്ടുകള്‍ക്കായി പണമടയ്‌ക്കാന്‍ പ്രേരിപ്പിക്കുന്നതിന് നെറ്റ്ഫ്‌ലിക്‌സ് കഴിഞ്ഞ മാസം ചിലി, പെറു, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ ഒരു ടെസ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ മാര്‍ഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതനുസരിച്ച് വരിക്കാര്‍ക്ക് രണ്ട് ആളുകളെ വരെ അവരുടെ അക്കൗണ്ടുകളിലേക്ക് ചേര്‍ക്കാനായി നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും. കോവിഡ് കാലത്ത് നെറ്റ്ഫ്‌ലിക്‌സ് യുഎസില്‍ ചാര്‍ജുകള്‍ ഉയര്‍ത്തിയിരുന്നു. അതുകാരണം യുഎസിലും കാനഡയിലുമായി നെറ്റ്ഫ്‌ലിക്‌സിന് 640,000 വരിക്കാരെ ആണ് നഷ്ടപ്പെട്ടത്.
വരും കാലത്ത് ഇന്ത്യയിലും നെറ്റ്ഫ്‌ലിക്‌സ് നിരക്കുകള്‍ കൂട്ടിയേക്കാം. ഇപ്പോള്‍ നാല് പേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ അക്കൗണ്ടുകള്‍ രണ്ട് പേര്‍ക്ക് മാത്രമായി ചുരുങ്ങാം. കൂടുതല്‍ ആളുകളെ ആഡ് ചെയ്യണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: