അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് വീണ്ടും പൊട്ടി. തകഴി കല്ലാമുക്ക് ഭാഗത്താണ് ഇത്തവണ പൊട്ടലുണ്ടായത്. 21, 22,23 തീയതികളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ തുടര്‍ച്ചയായ പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് ദിവസങ്ങളോളം ശുദ്ധജല വിതരണം തടസ്സപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ ഭാഗീകമായും മറ്റു ചിലയിടങ്ങളില്‍ പൂര്‍ണ്ണമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പദ്ധതി ആരംഭിച്ചിട്ട് ഇതു വരെ 68 തവണയാണ് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.
വാട്ടര്‍ അതോറിറ്റി ഗുണനിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തില്‍ നിരന്തരമായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും പൈപ്പ് പൊട്ടലുണ്ടായത്. 21, 22, 23 തീയതികളില്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കുടിവെള്ള വിതരണം വീണ്ടും മുടങ്ങുമെന്ന് ജല അതോറിറ്റി പറയുന്നു. കരുമാടി ശുദ്ധീകരണ ശാലയില്‍ നിന്നുള്ള പമ്പിങാണ് തടസ്സപ്പെടുന്നത്. അമ്പലപ്പുഴ താലൂക്കിലുള്ളവര്‍ക്ക് കുടിവെള്ളം ഭാഗീകമായോ പൂര്‍ണ്ണമായോ മുടങ്ങും. പൈപ്പ് മാറ്റലിന്റെ പേരില്‍ ജല അതോറിറ്റിയും പൊതുമരാമത്തും തമ്മില്‍ ഭിന്നത തുടരുകയാണ്.
പൈപ്പ് പൊട്ടല്‍ പരിഹരിക്കുന്നതിനായി റോഡ് കുത്തിപ്പൊളിക്കാന്‍ സാധിക്കില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. എന്നാല്‍ പൈപ്പിന്റെ ലീക്ക് കണ്ട് പിടിക്കാന്‍ കുഴിയെടുത്താല്‍ മാത്രമേ സാധിക്കൂ. പമ്പാ നദിയില്‍ നിന്നുള്ള വെള്ളം കരുമാടി ശുദ്ധജല പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് 62 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. 2017 ലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന വേളയില്‍ ട്രയല്‍ നടത്താന്‍ വെള്ളം പമ്പ് ചെയ്തപ്പോള്‍ തന്നെ പൈപ്പ് പൊട്ടി. പിന്നീടിങ്ങോട്ട് ഒരോ വര്‍ഷവും ഇരുപതും മുപ്പതും തവണയാണ് പൈപ്പ് പൊട്ടിയത്. കുടിവെള്ള വിതരണത്തിന്റെ ഫോഴ്സ് കൂടുന്നതു കൊണ്ടാണ് പൈപ്പ് നിരന്തരമായി പൊട്ടുന്നതെന്ന വാദം ഉന്നയിച്ച് ജല അതോറിറ്റി നിലവില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഫോഴ്സ് കുറച്ചിട്ടിരിക്കുകയാണ്. എന്നിട്ടും പൈപ്പ് പൊട്ടല്‍ തുടരുകയാണ്. 68 തവണ പൈപ്പ് പൊട്ടിയപ്പോഴും റോഡ് കുത്തിപ്പൊളിച്ചാണ് പൈപ്പ് മാറ്റല്‍ പ്രക്രിയ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: