ഭോപ്പാല്‍: പൊതുസ്വത്ത് കൈയേറുന്നവരോട് സഹിഷ്ണുത കാണിക്കാനാകില്ലെന്നും ബുള്‍ഡോസര്‍ നയം തന്നെയാണ് അതിന് മറുപടിയെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ‘എവിടെ കൈയേറ്റം ഉണ്ടോ അവിടെയെല്ലാം ബുള്‍ഡോസറുകള്‍ ഉപയോഗിക്കണം… പൊതുസ്വത്ത് കൈയേറ്റം നീക്കേണ്ടത് പ്രധാനമാണ്,’ മാധ്യമപ്രവര്‍ത്തകരോട് ലേഖി പറഞ്ഞു.
ഹനുമദ് ജയന്തി ദിനത്തില്‍ ജഹാംഗീര്‍പുരിയില്‍ നടന്നത് ശത്രുത വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ ഗൂഢാലോചനയാണ്. ക്രമസമാധാന നില തകര്‍ക്കാനാണ് അവരുടെ ശ്രമം. ആരാണ് ഉത്തരവാദികള്‍ എന്നറിയാന്‍ പോലീസ് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാമനവമി ഘോഷയാത്രയ്ക്കിടെ പല സംസ്ഥാനങ്ങളിലും കല്ലേറുണ്ടായി. മധ്യപ്രദേശില്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് അക്രമികളുടെ അനധികൃത കെട്ടിടങ്ങള്‍ തകര്‍ത്തു. പൊതുഇടം കൈയേറി നിര്‍മ്മിച്ച 45 വീടുകളും 29 കടകളും തകര്‍ത്തു.
ഖാര്‍ഗോണിലെ അക്രമത്തിനിരയായവര്‍ക്ക് വീട് പുനര്‍നിര്‍മിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: