കേരളം ഭീകരരുടെ പറുദീസയാവും എന്ന മുന്നറിയിപ്പു പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ട് നാളേറെയായി. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെ ഇസ്ലാമിക ഭീകരത, ലൗജിഹാദ് തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് ഇടതു നേതാക്കള്‍ മനപ്പൂര്‍വം മറവിയും നടിക്കുന്നു.
പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ സൈ്വര്യവിഹാരം നടത്തുന്നത് ഭരണ, പ്രതിപക്ഷ കക്ഷികളുടെയും പോലീസിലെയും ഒരു വിഭാഗത്തിന്റെയും സംരക്ഷണം ലഭിക്കുന്നതിനാലാണെന്ന് പകല്‍ പോലെ വ്യക്തം. നാലു മാസം മുന്‍പ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ക്കും ഇക്കൂട്ടരുടെ സംരക്ഷണം ലഭിച്ചു. കൊലയാളി സംഘാംഗങ്ങളെ മുന്‍കൂര്‍ ധാരണയനുസരിച്ച് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പോലീസ് മുന്‍പാകെ കീഴടക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികളെല്ലാം അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നെന്ന് എഡിജിപി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊലയാളി സംഘാംങ്ങള്‍ എല്ലാവരും പിടിയിലായത് പെരുമ്പാവൂര്‍ അടക്കമുള്ള സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. പോലീസ് സേന കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ ആദ്യഘട്ടങ്ങളില്‍ തയ്യാറാകുകയും, മതഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി തീവ്രവാദ സംഘടനങ്ങള്‍ ചെറുത്തു. ഇതോടെയാണ് പ്രധാന ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ഇടപെടുകയും പോലീസിന് കടിഞ്ഞാണിടുകയും ചെയ്തത്. പിന്നീട് പ്രതികളില്‍ ചിലരെ പോലീസ് മുന്‍പാകെ ധാരണ പ്രകാരം കീഴടക്കുകയായിരുന്നു.
സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു. രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു. എന്നാല്‍ ഒരു വീട്ടമ്മയെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജസിം സംഘടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും. ഈ സിമ്മാണ് രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത്. ഇപ്പോള്‍ പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഇരുചക്ര വാഹനവും ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ബോധ്യമായി. ഇത്തരത്തില്‍ സ്ത്രീകളെയും നിരപരാധികളെയും കബളിപ്പിച്ച് വാഹനങ്ങളും സിമ്മുകളും കരസ്ഥമാക്കി മതഭീകരവാദികള്‍ സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാന്‍ തയ്യാറെടുപ്പ് നേരത്തെ തന്നെ നടത്തിയെന്ന് വ്യക്തം.
രണ്‍ജീതിന്റെ കൊലയാളികള്‍ക്ക് വ്യാജസിം സംഘടിപ്പിച്ച് നല്‍കിയ എസ്ഡിപിഐ പഞ്ചായത്തംഗത്തിന് കോടതിയില്‍ കീഴടങ്ങാനുള്ള സൗകര്യം പോലും പോലീസ് ഒരുക്കി നല്‍കുകയായിരുന്നു എന്ന് വിമര്‍ശനമുണ്ട്. പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സുള്‍ഫിക്കര്‍(ചുപ്പി) അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ച്ചയായി നാലു തവണ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് ഇയാളുടെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അസാധുവാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ഒരുക്കിയത്.
സുള്‍ഫിക്കറിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത പുന്നപ്ര സ്റ്റേഷനിലെ സിഐയെ ഒരു ജനപ്രതിനിധി ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ കോടതിയില്‍ കീഴടങ്ങിയത്. പിന്നീട് സിപിഎമ്മിന് വിധേയനായ സിഐയെ പുന്നപ്രയില്‍ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പികളില്‍ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് പോപ്പുലര്‍ഫ്രണ്ടിനോടുള്ള ഭരണകക്ഷിയുടെ വിധേയത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: