കൊച്ചി: കഴുകന്മാരുടെ ഇടയിലേക്കാണ് തന്റെ മകള്‍ പോയിരിക്കുന്നതെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ്. ഇതേപോലൊരു ദുരനുഭവം കേരളത്തില്‍ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള് താല്പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള് വരേണ്ട ആവശ്യമില്ലെന്നും ജോസഫ് പറഞ്ഞു.
ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.
വിവാദത്തില്‍ ലൗ ജിഹാദ് എന്ന് പറഞ്ഞതിന് പാര്‍ട്ടി നേതാവിനെതിരേ നടപടി സ്വീകരിക്കാന്‍ സിപിഎം തീരുമാനമായി. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ നടപടി ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് ജില്ല കമ്മിറ്റി യോഗവും ചേരും. ജോര്‍ജ് എം. തോമസിനെതിരേ നടപടി ഉണ്ടാകുമോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് മാധ്യമങ്ങളോട് വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം മതേതര നിലപാടിന് എതിരാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള നിയമപരമായ അവകാശം രാജ്യത്തുണ്ട്. കുടുംബങ്ങളുമായി ആലോചിച്ച് രമ്യമായ രീതിയില്‍ വിവാഹം നടത്തുന്നതിനുള്ള ആലോചന ആദ്യംതന്നെ നടത്തേണ്ടതായിരുന്നു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ഉണ്ട് എന്ന തരത്തില്‍ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവന പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും പി. മോഹനന് പറഞ്ഞു. തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: