മുംബൈ: പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച ശേഷം മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കോടതിയില്‍ കീഴടങ്ങി. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ മുംബ്രയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്‍റ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിയാണ് താനെ കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ നാല് ദിവസമായി വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഗത്യന്തരമില്ലാതെ അബ്ദുള്‍ മട്ടീന്‍ ഷെഖാനി കോടതിയിലെത്തി കീഴടങ്ങിയത്.
ഷെഖാനിക്കെതിരെ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഏപ്രിൽ 15 ന് താനെ ജില്ലയിലെ മുംബ്ര പ്രദേശത്ത് നിയമവിരുദ്ധമായ കൂടിച്ചേരലിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനുമാണ് അബ്ദുള്‍ മട്ടീന്‍ ഷെഖാനിക്കെതിരെ കേസെടുത്തത്.
പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ മെയ് മൂന്നിനകം നീക്കം ചെയ്യണമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി നേതാവ് രാജ് താക്കറെ മഹാരാഷ്‌ട്ര സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു. അതിനകം ലൗഡ് സ്പീക്കറുകള്‍ മാറ്റിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ഉറക്കെ മുഴക്കുമെന്നും രാജ്താക്കറെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 15ന് മുംബ്രയില്‍ നടന്ന യോഗത്തില്‍ രാജ് താക്കറെയെ വെല്ലുവിളിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഷെഖാനി മുതിര്‍ന്നിരുന്നു. ലൗഡ് സ്പീക്കര്‍ തൊട്ടവരെ പോപ്പുലര്‍ ഫ്രണ്ട് വെറുതെ വിടില്ലെന്നായിരുന്നു ഷെഖാനിയുടെ താക്കീത്.
എന്നാല്‍ വൈകാതെ ഷെഖാനിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188, 37(3), അനധികൃതമായി സംഘം ചേര്‍ന്നതിന് മഹാരാഷ്‌ട്ര പൊലീസ് നിയമത്തിലെ 135 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
ഷെഖാനിയുടെ വെല്ലുവിളിക്ക് ശേഷവും രാജ് താക്കറെ മെയ് 3ന് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കണമെന്ന വെല്ലുവിളി ആവര്‍ത്തിച്ചിരുന്നു. ഇത് മതപ്രശ്‌നമല്ല, സാമൂഹ്യപ്രശ്‌നമാണെന്നും രാജ് താക്കറെ പറഞ്ഞിരുന്നു. ലൗഡ് സ്പീക്കറിന്റെ കാര്യത്തില്‍ പുറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും രാജ് താക്കറെ അറിയിച്ചിരുന്നു.
‘ഞാന്‍ പ്രാര്‍ത്ഥിക്കുന്നതിന് എതിരല്ല. പക്ഷെ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കണം. ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും നീക്കം ചെയ്യണം. അല്ലെങ്കില്‍ ലൗഡ് സ്പീക്കറുകളുള്ള പള്ളികളുടെ മുന്‍പില്‍ ഹനുമാന്‍ ചാലിസ ഉച്ചത്തില്‍ കേള്‍പ്പിക്കും’- രാജ് താക്കറെ പറഞ്ഞു.
അതിനിടയിലാണ് ഷെഖാനിയ്‌ക്കെതിരെ പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. നാല് ദിവസം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് താനെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: