ഹൈദരാബാദ്: തെലുങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്) യുടെ ഒരു മന്ത്രിയും നഗരസഭാ-മുനിസിപ്പില്‍ നേതാക്കളും പൊലീസും ഗുണ്ടകളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തു. ഇതോടെ തെലുങ്കാനയില്‍ ഖമ്മത്തും കാമറെഡ്ഡിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ബിജെപിയുടെ അതിശക്തമായ വളര്‍ച്ചയാണ് തെലുങ്കാനയില്‍ നടക്കുന്നത്. ഇതിന് തടയിടാനാണ് ടിആര്‍എസ് മന്ത്രിമാരും നേതാക്കളും ചേര്‍ന്ന് വിവിധ പ്രദേശങ്ങളിലെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണിയും കള്ളക്കേസും ചുമത്തി അവരെ നിര്‍വ്വീര്യരാക്കാനും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിക്കെതിരെ ദേശീയ തലത്തില്‍ ബദല്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മുഖത്തേറ്റ് അടിയാണ് ഈ കൂട്ടആത്മഹത്യകള്‍. വരുംനാളുകളില്‍ ബിജെപിയില്‍ നിന്നും ചന്ദ്രശേഖരറാവുവിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകും.
ഏപ്രില്‍ 14ന് ഖമ്മത്താണ് ബിജെപി പ്രവര്‍ത്തകന്‍ സായ് ഗണേഷ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. അനുമതിയില്ലാതെ ബിജെപിയുടെ കൊടിമരം ഉയര്‍ത്താന്‍ അടിത്തറകെട്ടി എന്നാരോപിച്ചായിരുന്നു ഒടുവിലത്തെ കള്ളക്കേസ്. ഈ അടിത്തറ ടിആര്‍എസ് കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവായ സായ് പ്രസന്ന തകര്‍ക്കുകയും ചെയ്തു. ടിആര്‍എസിന്റെ ഗതാഗത മന്ത്രിയായ പുവ്വാട അജയ് കുമാറിന്റെയും ചില നേതാക്കളുടെയും നേതൃത്വത്തില്‍ തനിക്കെതിരെ 16 കള്ളക്കേസുകള്‍ എടുത്തതായി ഡ്രൈവറായി ജോലി ചെയ്യുന്ന സായ് ഗണേഷ് പറയുന്നു.
കീടനാശിനി കുടിച്ചാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ മനം നൊന്ത് സായ് ഗണേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഇവിടം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനും വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു ശ്രമിച്ചെങ്കിലും ജനരോഷം ഭയന്ന് ഖമ്മം സന്ദര്‍ശനം മാറ്റിവെയ്‌ക്കേണ്ടി വന്നു. ബിജെപിയുടെ അടിത്തറ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് ഖമ്മം.
ഭാരതീയ മസ്ദൂര്‍ യൂണിയന്റെ ജില്ലാ കണ്‍വീനറാണ് സായ് ഗണേഷ്. ഇതിന് മുന്‍പ് പലതവണ സായ് ഗണേഷും ടിആര്‍എസ് മന്ത്രി പൂവ്വാട അജയ് കുമാറും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിയുടെ പല അഴിമതികളും തുറന്നുകാണിച്ചതിന്റെ പേരിലാണ് കേസുകള്‍ ഫയല്‍ ചെയ്തതെന്ന് പറയുന്നു. സായ് ഗണേഷ് അടുത്ത മാസം വിവാഹം കഴിക്കാനിരുന്നതായിരുന്നു. ഗതാഗത മന്ത്രി പൂവ്വാട അജയ് കുമാറിനും ലോക്കല്‍ നേതാവ് സായ് പ്രസന്നയ്‌ക്കും എതിരെ സായ് ഗണേഷിന്റെ മുത്തശ്ശി ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.
ഏപ്രില്‍ 14ന് തന്നെയാണ് 35കാരനായ ഗംഗം സന്തോഷും അമ്മ പത്മയും കാമറെഡ്ഡിയിലെ ഒരു ലോഡ്ജ് മുറിയില്‍ തീകൊളുത്തി മരിച്ചത്. മരിക്കുന്നതിന് മുന്‍പ് അവര്‍ ഫേസ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രാമായംപേട്ടിലെ ടിആര്‍എസ് നേതാക്കള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നടത്തുന്ന പീഢനമാണ് ആത്മഹത്യയ്‌ക്കുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാമായം പേട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പല്ലേ ജിതേന്ദര്‍ ഗൗഡും മറ്റ് അഞ്ച് ടിആര്‍എസ് നേതാക്കളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാഗാര്‍ജുന റെഡ്ഡിയും കുറ്റവാളികളാണെന്ന് ഇവര്‍ ആരോപിക്കുന്നു.
‘ഞങ്ങളുടെ മരണശേഷമെങ്കിലും ഇവര്‍ക്ക് ശിക്ഷ നല്‍കി നീതി നടപ്പാക്കണം’- അമ്മയും മകനും പുറത്തുവിട്ട ഒരു പിടി വീഡിയോകളില്‍ ഒന്നില്‍ പറയുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സനും കൂട്ടരും തന്നെ സാമ്പത്തികമായി ഇല്ലാതാക്കിയതായി സന്തോഷ് വീഡിയോകള്‍ക്ക് ഒപ്പം നല്‍കിയ സുദീര്‍ഘമായ കുറിപ്പില്‍ പറയുന്നു. നവമ്പര്‍ 2020ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തന്റെ മൊബൈല്‍ ഫോണ്‍ ബലമായി എടുത്ത് അതിലെ സ്വകാര്യ വിവരങ്ങള്‍ എല്ലാം മോഷ്ടിച്ചെന്നും സന്തോഷ് ആരോപിക്കുന്നു. ഈ വിവരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മറ്റുള്ളവര്‍ക്ക് കൈമാറി ദുരുപയോഗം ചെയ്തതായും സന്തോഷ് പറയുന്നു. സന്തോഷിന്റെയും അമ്മയുടെയും ആത്മഹത്യയില്‍ അവര്‍ വീഡിയോയില്‍ കുറ്റം ആരോപിച്ചിട്ടുള്ളവര്‍ക്കെല്ലാം എതിരെ കേസെടുക്കുമെന്നും ഓരോ ആരോപണങ്ങളും വിശദമായി പരിശോധിക്കുമെന്നും കാമറെഡ്ഡി എസ്പി ശ്രീനിവാസ റെഡ്ഡി പറഞ്ഞു.
ഗതാഗതമന്ത്രി പുവ്വാട അജയ്കുമാറിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. മന്ത്രി പൂവ്വാട അജയ് കുമാറും ടിആര്‍എസ് ഗുണ്ടകളും ഖമ്മം ജില്ലയിലെ പൊലീസും ആണ് ബിജെപി പ്രവര്‍ത്തകരുടെ ആത്മഹത്യക്ക് കാരണമായതെന്ന് ബിജെപി തെലുങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് ആരോപിച്ചു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ബണ്ടി സഞ്ജ് കുമാര്‍ ആവശ്യപ്പെട്ടു. ബണ്ടി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രജാ സംഗ്രാം യാത്ര നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: