കൊച്ചി: തനിക്കെതിരായ വധ ഗൂഢാലോചന കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബര്‍ വിദഗ്ദ്ധന് സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് ദിലീപിനും കൂട്ടർക്കുമെതിരെ കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വേണ്ടി അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് ഈ കേസെന്നും കേസിൽ വിചാരണ നീട്ടികൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നുമാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ഈ മാസം പതിനഞ്ച് വരെയായിരുന്നു കോടതി സമയം അനുവദിച്ചത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും കൂടുതല്‍ സമയം ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതൽ സമയം ചോദിക്കുന്നതെന്നാണ് കോടതിയെ അറിയിച്ചത്.
ഭാര്യ കാവ്യ,സഹോദരൻ അനുപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് 3 മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: