ഷൊര്‍ണൂര്‍: കൊച്ചി പാലത്തിനും, തീവണ്ടി പാലത്തിനും ഭീഷണിയായി ഭാരതപ്പുഴയില്‍ നിന്നും വന്‍തോതില്‍ മണലെടുപ്പ് നടക്കുന്നു. ഭാരതപ്പുഴയില്‍ കൊച്ചിന് പാലത്തിന്റെ 500 മീറ്റര്‍ ദൂരപരിധിക്കകത്ത് തടയണയുടെ വൃഷ്ടി പ്രദേശത്തു നിന്നാണ് വിഷു – ഈസ്റ്റര്‍ അവധിയില്‍ വന്‍ മണല്‍കൊള്ള നടത്തുന്നത്. വെള്ളത്തിനടിയില്‍ നിന്ന് മണല്‍ ഊറ്റി കരക്കെത്തിക്കുന്ന ആധുനിക യന്ത്രങ്ങളുപയോഗിച്ചാണ് മണലൂറ്റ് നടത്തുന്നത്. മൂന്നുവര്‍ഷം മുമ്പ് ഭാരതപ്പുഴയിലെ ഷൊര്‍ണൂര്‍ തടയണക്കകത്തുനിന്ന് ചെളി നീക്കം ചെയ്യാനെന്ന അനുമതിയില്‍ നടത്തിക്കൊണ്ടിരുന്ന മണലെടുപ്പ് പ്രക്രിയയാണ് ഷൊര്‍ണൂരില്‍ അധികൃതരുടെ ഒത്താശയില്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.
പോലീസ്, റവന്യൂ, നഗരസഭാ അധികരുടെയെല്ലാം ഒത്താശയോടെ തടയണയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി കോടികള്‍ വിലമതിക്കുന്ന പുഴ മണലാണ് തടയണയുടെ വൃഷ്ടി പ്രദേശത്തു നിന്ന് കരക്കെത്തിക്കുന്നത്. ഷൊര്‍ണൂര്‍ നഗരസഭയിലെ തെക്കേ റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഓട്ടുകമ്പനി നിലനിന്നിരുന്ന സ്ഥലം ലക്ഷങ്ങള്‍ മാസവാടക നല്‍കിയാണ് ഇവിടെ പുഴ മണല്‍ കയറ്റി കൂട്ടുന്നത്. ഗുണ്ടാസംഘങ്ങളുടെ വലയത്തിലാണ് ഈ മണലൂറ്റ് കേന്ദ്രം.
കഴിഞ്ഞ ദിവസം മണലൂറ്റിനെ പറ്റി വിവരമറിയാന്‍ പോയ ഒരു മാധ്യമ പ്രവര്‍ത്തകനെ ഈ സംഘത്തിലൊരാള്‍ അകത്തേക്ക് പ്രവേശിപ്പിക്കാതെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. മണലെടുപ്പ് നിരീക്ഷിക്കാനെത്തുന്നവരെ തിരിച്ചറിയാന്‍ പുഴയില്‍ ചങ്ങാടത്തിലും സംഘങ്ങള്‍ നീങ്ങുന്നുണ്ട്. ദിനംപ്രതി നൂറിലധികം ലോഡ് മണല്‍ ഇവിടെനിന്നും അന്യസംസ്ഥാനങ്ങളിലേക്കുള്പ്പടെ കടത്തികൊണ്ടു പോകുന്നുണ്ടെന്ന് പറയപ്പെടുന്നു. ഒരടി മണലിന് 90 രൂപ നിരക്കിലാണ് മണല്‍ വില്‍പ്പന. ഒരു ചെറിയ ടിപ്പറില്‍ 90 അടിയോളം മണല്‍ കയറ്റാനാവും. റോഡ് മാര്‍ഗമുള്ള പരിശോധനാ സംഘങ്ങളെയെല്ലാം വരുതിയിലാക്കിയാണ് മണല്‍ ലോഡുകള്‍ ലക്ഷ്യത്തിലേക്കെത്തിക്കുന്നത്.
തൃശൂര്‍ ജില്ലാ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് ചെളിനീക്കല്‍ എന്ന വ്യാജേനയുള്ള മണല്‍കടത്ത് നടക്കുന്നത്. പുഴ സംരക്ഷണ സമിതികളും, പരിസ്ഥിതി പ്രവര്‍ത്തകരും വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് അവര്‍ പറയുന്നു. തടയണയുടെ ബലക്ഷയത്തിനും, പാലങ്ങളുടെ നിലനില്‍പ്പിനും കടുത്ത വെല്ലുവിളിയുയര്‍ത്തി നടത്തുന്ന മണലൂറ്റ് ഉടനെ തടയണമെന്നാവശ്യപ്പെട്ട് ഭാരതപ്പുഴയെ ആശ്രയിച്ച് കൃഷി നടത്തുന്ന പാടശേഖര സമിതികള്‍ക്കുവേണ്ടി കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് ബിജു വകുപ്പുമന്ത്രിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: