ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ കണക്ക് എല്ലാദിവസവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്രം. എല്ലാ ദിവസവും കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നുമാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.
ഏപ്രില്‍ 13നുശേഷം ഇന്നലെയാണ് കേരളം കണക്കുകള്‍ പുതുക്കിയത്. അഞ്ചു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് നല്‍കുകയായിരുന്നു. ഈ കണക്കുകള്‍ കൂടി ചേര്‍ത്താണ് ഇന്നലെ രാജ്യത്തെ കൊവിഡ് കണക്ക് കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ ഇന്നലെ മാത്രം 90 ശതമാനം വര്‍ധനവുണ്ടായി. കേരളത്തിന്റെ അഞ്ചുദിവസത്തെ കണക്ക് ഇന്നലെ ഒന്നിച്ച് നല്‍കിയതാണ് ഈ വര്‍ധനയ്ക്ക് കാരണമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ എല്ലാദിവസവും കൊവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യമാണ് കേന്ദ്രം കേരള സര്‍ക്കാരിനെ അറിയിച്ചത്.
ഏപ്രില്‍ 13ന് കേരളം നല്കിയ കണക്കുപ്രകാരം 298 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള 14, 15, 16, 17 ദിവസങ്ങളില്‍ കേരളം കണക്ക് നല്‍കിയില്ല. 18ന് നല്കിയ കണക്കുപ്രകാരം 940 പുതിയ കേസുകള്‍ രേഖപ്പെടുത്തി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി. 13ന് 19 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 18ന് 213 മരണങ്ങളും രേഖപ്പെടുത്തി. 13ന് കേരളത്തിലുള്‍പ്പെടെ രാജ്യത്താകെ 1088 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 14ന് 1007, 15ന് 949, 16ന് 975, 17ന് 1150 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 18ന് കേരളം അഞ്ചുദിവസത്തെ 940 കേസുകള്‍ ഒന്നിച്ച് നല്‍കിയതോടെ രോഗികളുടെ സംഖ്യ 2183 ആയി കുത്തനെ ഉയര്‍ന്നു. ഇത് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയ്ക്ക് കാരണമായി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി 12ന് 19, 13ന് 26 പേരുടെ മരണമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളം കണക്കു നല്‍കാത്ത 14ന് ഒരു മരണവും 15ന് ആറും 16, 17 തീയതികളില്‍ നാലുവീതവും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു ദിവസത്തെ മരണസംഖ്യ 18ന് കേരളം ഒന്നിച്ച് നല്‍കിയതോടെ ഇത് 214 ആയി ഉയര്‍ന്നു.
അഞ്ചുദിവസത്തെ കണക്ക് ഒന്നിച്ച് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കേരളത്തിന് നല്കിയ കത്തില്‍ പറയുന്നു. ദിവസവും കണക്കുകള്‍ നല്‍കുന്നത് രോഗികളുടെ എണ്ണം കൃത്യമായി ലഭിക്കുന്നതിന് മാത്രമല്ല, രോഗപ്രതിരോധ നടപടികള്‍ക്ക് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാനും അത് ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് കരുത്താകുമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: