ന്യൂദല്‍ഹി: കാര്‍ഷിക ഉത്സവമായ ബൈശാഖി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലേറെ സിഖ് തീര്‍ത്ഥാടകര്‍ പാകിസ്ഥാനിലെത്തി. വാഗ അതിര്‍ത്തിവഴി എത്തിയ സിഖ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനാണ് 2200 തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കിയത്. ഹസാനാബ്ദലിലെ പഞ്ച സാഹിബ് ഗുരുദ്വാരയിലാണ് പ്രധാന ആഘോഷങ്ങള്‍. 1974ലെ പ്രോട്ടോകാള്‍ നടപടിക്രമമനുസരിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് വിസ നല്‍കിയത്.
പാകിസ്ഥാനില്‍ പുതിയ ഭരണനേതൃത്വം ഇന്ത്യയുമായി നല്ല ബന്ധത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ചുകൊണ്ട് നരേന്ദ്ര മോദി എഴുതിയ കത്തിനുള്ള മറുപടിയിലാണ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള താത്പര്യം ഷെരീഫ് പ്രകടിപ്പിച്ചത്.
എന്നാല്‍ പാകിസ്ഥാന്റെ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് ഇന്ത്യ. എത്രത്തോളം ആത്മാര്‍ത്ഥത പാക് നടപടികളില്‍ ഉണ്ടാകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: