പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്റെ കൊലപാതകം തീവ്രവാദ പ്രവര്‍ത്തനത്തിന്റെ സ്വഭാവമുള്ളവയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇത്തരം കൊലപാതകം ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
തീവ്രവാദപ്രവര്‍ത്തനത്തിന്റെ സ്വഭാവമുള്ള കൊലപാതകങ്ങള്‍ എന്ന് വിശേഷിപ്പിച്ചതിന്റെ പിന്നിലെ വിശദാംശങ്ങള്‍ പക്ഷെ മന്ത്രി വെളിപ്പെടുത്തിയില്ല. “ജില്ലയില്‍ ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാഭരണകൂടവും മതസംഘടനകളും ഉൾപ്പടെയുള്ള തുടർചർച്ചകൾ നടത്തും.” – മന്ത്രി കൂട്ടിച്ചേർത്തു.ആസൂത്രിത കൊലപാതകങ്ങൾ തടയുക എളുപ്പമല്ല. എന്നാല്‍ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പ്രഹസനമാണെന്നും കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ ഈ യോഗം ബഹിഷ്കരിച്ചു. സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. വെറുമൊരു പ്രഹസന യോഗമാണ് നടന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: