വാഷിംഗ്ടണ്‍: ഉക്രൈനെതിരായ റഷ്യയുടെ ആക്രമണത്തില്‍ അമേരിക്ക കൈക്കൊള്ളുന്ന ചില നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും. ഉക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയില്‍ പെടുത്തണമെന്നാണ് അമേരിക്ക വാദിക്കുന്നത്. എന്നാല്‍ ഇതിനെ അനുകൂലിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
‘കാരണം ഇരുരാഷ്‌ട്രങ്ങളിലെയും (ഉക്രൈന്‍കാരും റഷ്യക്കാരും) സഹോദര്യം പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് വംശഹത്യ എന്ന വാക്കുപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്”- ഫ്രാന്‍സ് 2 റേഡിയോവില്‍ സംസാരിക്കവേ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങളെ വംശഹത്യ എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിക്കുന്ന ഉചിതമല്ലെന്നാണ് ഫ്രാന്‍സിന്റെ അഭിപ്രായമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് വെസ് ലെ ഡ്രിയന്‍ വിശദീകരിച്ചു.
ജര്‍മ്മനിയും ഉക്രൈനും തമ്മില്‍ അകല്‍ച്ചയിലാണ്. റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ജര്‍മ്മനി അമാന്തം കാണിക്കുന്നു എന്ന പരാതി പരസ്യമായി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രകടിപ്പിച്ചിരുന്നു. ഇത് മൂലം പോളണ്ടുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രസിഡന്‍റുമാര്‍ ഉക്രൈന്‍ സന്ദര്‍ശിച്ചപ്പോള്‍ ജര്‍മ്മനിയെ ഒഴിവാക്കിയിരുന്നു. ഇതില്‍ ജര്‍മ്മനി തങ്ങള്‍ക്കുള്ള നീരസം പരസ്യമായി ഉക്രൈനെതിരെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ അമേരിക്ക ഉപദേശിക്കും പോലെ റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിരോധിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജര്‍മ്മനി. റഷ്യയില്‍ നിന്നുള്ള ഗ്യാസിനെയാണ് ജര്‍മ്മനി പ്രധാനമായും ആശ്രയിക്കുന്നത്. ജര്‍മ്മനിക്കാവശ്യമായ മൂന്നില്‍ ഒന്ന് ഗ്യാസ് എത്തുന്നത് റഷ്യയില്‍ നിന്നാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജര്‍മ്മനിയെ ഉപദേശിക്കുന്നത് ഹൈഡ്രോളിക് ഫ്രാക്ചറിംഗ് രീതി ഉപയോഗിച്ച് ഭൂമിക്കടിയില്‍ നിന്നും കൂടുതല്‍ ഷേയ്ല്‍ എണ്ണയും ഷേയ്ല്‍ ഗ്യാസും ഉപയോഗിക്കണമെന്നാണ്. ഇതുവഴി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പാടെ ഒഴിവാക്കാമെന്നാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയെ ഉപദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തെ ജര്‍മ്മനിയിലെ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക് തള്ളിക്കളഞ്ഞു. നേരത്തെ ആഞ്ചെല മെര്‍ക്കലിന്റെ കാലത്തുള്ള ഭരണകൂടം തള്ളിക്കളഞ്ഞ ആശയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: