തിരുവനന്തപുരം: ഇന്ത്യന്‍ കരസേനയുടെ അടുത്ത മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. കോര്‍പ്സ് ഓഫ് എഞ്ചിനീയേഴ്സില് നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ ഓഫീസറാണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. ഏപ്രില്‍ 30ന് കാലാവധി പൂര്‍ത്തിയാക്കാനിരിക്കുന്ന ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ പിന്‍ഗാമിയായി കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍മാരുടെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് മനോജ് പാണ്ഡെ. നമ്മുടെ കരസേനയുടെ 29-ാമത് മേധാവിയാണ് ഇദ്ദേഹം.
ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെയെ അടുത്ത കരസേനാ മേധാവിയായി നിയമിക്കാന്‍ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് തിങ്കളാഴ്ചയാണെത്തിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാണ്ഡെ 1982 ഡിസംബറില്‍ കോര്‍പ്സ് ഓഫ് എഞ്ചിനീയേഴ്സിലേക്ക് കമ്മീഷന് ചെയ്യപ്പെട്ടു. 2001 ഡിസംബറില്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പല്ലന്‍വാല സെക്ടറില്‍ ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഒരു എഞ്ചിനീയര്‍ റെജിമെന്റിനെ നയിച്ചു.
തന്റെ 39 വര്‍ഷത്തെ സൈനിക ജീവിതത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ പാണ്ഡെ വെസ്റ്റേണ്‍ തിയറ്ററിലെ ഒരു എഞ്ചിനീയര്‍ ബ്രിഗേഡ്, നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഒരു ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ലഡാക്ക് സെക്ടറിലെ ഒരു മൗണ്ടന്‍ ഡിവിഷന്, വടക്കുകിഴക്ക് ഒരു കോര്‍പ്സ് എന്നിവിടങ്ങളില്‍ കമാന്‍ഡറായിരുന്നു. കിഴക്കന്‍ കമാന്‍ഡിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിന്റെ കമാന്ഡര്ഇന്ചീഫായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: