മുംബൈ: ലൗഡ് സ്പീക്കര്‍ പ്രശ്നത്തില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ താക്കീതിനെ തുടര്‍ന്ന് താഴോട്ട് ഇറങ്ങിവന്ന് ശിവസേന സര്‍ക്കാര്‍. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ മാത്രമേ പള്ളിയില്‍ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താവൂ എന്ന് ഉത്തരവിറക്കിയതായി എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിറക്കിയത്.
നേരത്തെ ആഭ്യന്തരമന്ത്രി ഇതു സംബന്ധിച്ച് ഡിജിപി.യുമായി ചര്‍ച്ച നടത്തി. അതിന് മുന്‍പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടിലൂം യോഗം ചേര്‍ന്നിരുന്നു. എന്തായാലും മഹാരാഷ്ട്ര പൊലീസില്‍ നിന്നും കൃത്യമായ അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ ലൗഡ് സ്പീക്കര്‍ ഉയര്‍ത്താന്‍ അനുവദിക്കൂ എന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാന്‍ രാജ് താക്കറെ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ലൗഡ് സ്പീക്കര്‍ക്ക് ഉപയോഗിക്കുന്ന പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന് ചാലിസ വെയ്ക്കുമെന്നും രാജ് താക്കറേ താക്കീത് നല്‍കിയിരുന്നു. പള്ളികളിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ചതോടെ ഒരു സംഘര്‍ഷത്തിന്റെ അന്തരീക്ഷം കൈവന്നു. ഇതോടെയാണ് തിടുക്കപ്പെട്ടുള്ള നടപടികളിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നീങ്ങിയതെന്നറിയുന്നു. എന്നാല്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കില്ലെന്നാണ് ആദ്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പ്രതികരിച്ചത്. പിന്നീട് ഇദ്ദേഹം തന്നെ അഭിപ്രായം തിരുത്തുകയായിരുന്നു. അനുവദനീയമായ ഡെസിബെലിന് (ശബ്ദത്തിന്റെ ഒച്ചയെ അടയാളപ്പെടുത്തുന്ന അളവ്) ഉള്ളില്‍പ്പെടുന്ന ലൗഡ് സ്പീക്കറുകള്‍ മാത്രമേ ആരാധനാലയങ്ങളില്‍ അനുവദിക്കൂ. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുതെന്ന് കോടതിവിധിയുള്ള കാര്യവും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു. നേരത്തെ അനുവാദം വാങ്ങിയ ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നോ അന്വലങ്ങളില്‍ നിന്നോ മാറ്റില്ല. ജനം ക്രമസമാധാനം കയ്യിലെടുക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: