കൊല്ലം: നാലുമാസത്തിനിടെ ജില്ലയില്‍ മാത്രം പൊളിച്ച് വിറ്റത് 200 ബോട്ടുകള്‍. കൊവിഡ് കാലത്തെ ദുരിതത്തിന് ശേഷം ഇന്ധനവിലയിലുണ്ടായ ഉയര്‍ച്ചയും മത്സ്യലഭ്യതയിലുണ്ടായ കുറവുമാണ് ബോട്ടുടമകളെ അത്യധികം പ്രതിസന്ധിയിലെത്തിച്ചത്.
കടം കയറി നില്‍ക്കകള്ളിയില്ലാതായതോടെ ഉടമകള്‍ തന്നെ ബോട്ടുകള്‍ കണ്ടം ചെയ്യുകയാണ്. ഡീസല്‍വില കുതിച്ചുയര്‍ന്നതും കടലില്‍നിന്നുള്ള മീന്‍ലഭ്യത കുറഞ്ഞതുമാണ് കാരണമെന്ന് ഉടമകള്‍ പറയുന്നു. ബോട്ടുകള്‍ വിലകുറച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചിട്ടും ആരും വാങ്ങാന്‍ തയ്യാറാകാത്തതാണ് ബോട്ടുകള്‍ പൊളിക്കുന്നതിലേക്ക് നയിച്ചത്.
ഡീസല്‍വില വര്‍ധിച്ചതോടെ ഒരുതവണ കടലില്‍ പോയിവരുമ്പോഴേക്കും ഒരുലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്ന അവസ്ഥയായി. നാല് മാസത്തിനിടെ ഡീസല്‍വിലയില്‍ 12 രൂപയിലധികം വര്‍ധനയുണ്ട്. വലിയ ബോട്ടുകള്‍ക്ക് 3600 ലിറ്റര്‍ ഡീസലാണ് ഒരാഴ്ചത്തേക്ക് കടലില്‍ പോയിവരാന്‍ വേണ്ടത്. ഇതിനായിമാത്രം നാലുലക്ഷം രൂപ ചെലവുണ്ട്.
തൊഴിലാളികളുടെ ചെലവുള്‍പ്പെടെ അഞ്ചുലക്ഷത്തോളം രൂപയാണ് വേണ്ടിവരിക. എന്നാല്‍ നാലുലക്ഷം രൂപയുടെ പോലും മത്സ്യം ലഭിക്കുന്നുമില്ല. കൊവിഡും കാലാവസ്ഥാ വ്യതിയാനവും കാരണം മാസങ്ങളോളം ബോട്ടുകള്‍ കെട്ടിയിട്ടിരുന്നു. പലതും തുരുമ്പെടുക്കുകയും അനുബന്ധഭാഗങ്ങള്‍ നശിക്കുകയും ചെയ്തു.
അറ്റകുറ്റപ്പണികള്‍ക്കുതന്നെ വലിയ തുക വേണ്ടിവരുമെന്നതും കൂടുതല്‍പ്പേരെ ബോട്ടുകള്‍ പൊളിച്ച് വില്ക്കാന് പ്രേരിപ്പിച്ചു. 40 ലക്ഷം രൂപയിലധികം നല്കി വാങ്ങിയ വലിയ ബോട്ടുകള്‍ പൊളിക്കുമ്പോള്‍ കിട്ടുന്നത് 14 ലക്ഷം രൂപയാണ്. ചെറിയ ബോട്ടുകള്‍ തൂക്കിവില്ക്കുമ്പോള് മൂന്ന് ലക്ഷം രൂപ കിട്ടും. 15 വര്‍ഷമാണ് ഒരു ബോട്ടിന്റെ കാലാവധി. എന്നാല്‍ പകുതിപോലും കാലാവധി പൂര്‍ത്തിയാക്കാത്ത ബോട്ടുകളാണ് പൊളിച്ചവ.
മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും മാത്രം ബാധിക്കുന്ന വിഷയമല്ല മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധി. കച്ചവടക്കാര്‍, പീലിംഗ് തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഐസ് നിര്‍മാണ മേഖല, സ്പെയര്‍പാര്‍ട്സ് മേഖല തുടങ്ങി 20 ലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്.
ഒരുബോട്ടില്‍ 10-15 മത്സ്യത്തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ബോട്ടുകളുടെ എണ്ണം കുറയുന്നതനുസരിച്ച് കൂടുതല്‍പ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
പ്രളയം, കൊവിഡ്, കാലാവസ്ഥാ വ്യതിയാനം അങ്ങനെ തുടര്‍ച്ചയായി നാല് വര്‍ഷത്തോളമായി മത്സ്യബന്ധനമേഖലയില്‍ പ്രശ്നങ്ങളാണ്. ഇതിനുപുറമേയാണ് ഇന്ധനവിലവര്‍ധന. മണ്ണെണ്ണവിലയില്‍ ഇരുപതോളം രൂപയാണ് രണ്ടുമാസത്തിനിടെ കൂടിയത്. അതോടെ ചെറുബോട്ടുകളും വള്ളങ്ങളും കടലില്‍ പോകാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: