എല്ലായ്പ്പോഴും സമാനമായതിനെ അന്വേഷിച്ച്, അതിനെ താരതമ്യപ്പെടുത്തുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് യുക്തിയുടെ പരമമായ സ്വഭാവം. ആധ്യാത്മികതലങ്ങളുടെ പര്യവേഷണത്തിനു ഇതൊരു തടസ്സമാണ്. സൃഷ്ടിയുടെ ഏറ്റവും ഉപരിതലത്തില്‍ മാത്രമേ സമാനതകളുള്ളൂ. സൃഷ്ടിയുടെ സ്വഭാവത്തെ അനുരൂപമായവയിലോ, സമാനമായവയിലോ പരിചിതമായതിലോ കണ്ടെത്താനാവില്ല.
നിങ്ങളുടെ വിരലടയാളം മുതല്‍ നേത്രഗോളം വരെയെല്ലാം ശ്രദ്ധിച്ച് നോക്കിയാലറിയാം അതെല്ലാം അനുപമമാണ്. നിങ്ങള്‍ ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരേ പോലെയുള്ള ഒന്നിനെയും കണ്ടെത്താന്‍ കഴിയില്ല. ഏതൊരു രണ്ടു ആറ്റങ്ങളും ഒരേപോലെയല്ല. ഓരോന്നിനും അതിന്റേതായ കൈയൊപ്പുണ്ട്.
പരിചിതമായത് നിങ്ങളുടെ യുക്തിപരമായ മാനത്തെ പോഷിപ്പിക്കുന്നു. നിങ്ങളുടെ യുക്തി എത്രത്തോളം ശക്തമാണോ അത്രത്തോളം തന്നെ നിങ്ങള്‍ ഉപരിതലത്തില്‍ തങ്ങിനില്ക്കും. ആളുകള്‍ പരിചിതമായ കാര്യങ്ങളില്‍ അകപ്പെടുന്നു. അവര്‍ എല്ലാ ദിവസവും ഒരേ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നു. പരിചിതമായത് തേടുന്നതിലൂടെ നിങ്ങള്‍ ചാക്രികചലനം നടത്തുകയാണ് ചെയ്യുന്നത്. ഭൗതികമായതെല്ലാം ചാക്രികമാമാണ്. നിങ്ങള്‍ ചാക്രികമായി തന്നെ സഞ്ചരിക്കുമ്പോള്‍, ഭൗതികത നിങ്ങളെ സ്വാതന്ത്രമാക്കില്ല. അതിന് അതിന്റേതായ ശക്തിയുണ്ട്.
സൃഷ്ടിയുടെ ആധ്യാത്മിക തലങ്ങളുടെ ഉള്ളിലിറങ്ങാന്‍, നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ പരിചിതമായത് തിരയാതിരിക്കാന്‍ പരിശീലിപ്പിക്കണം, അങ്ങനെ ബോധപൂര്‍വം നിങ്ങളുടെ ആശ്വാസമേഖലയില്‍ നിന്ന് പുറത്തുകടക്കണം. സംസാരത്തില്‍ നിന്ന് സംന്യാസത്തിലേക്കുള്ള യാത്രയാണിത്. സംന്യാസമെന്നാല്‍ ആശ്രമവാസിയാവണമെന്നല്ല അതിനര്‍ത്ഥം, ചാക്രികതയെ ഭേദിക്കുക എന്നാണ്. സംസാരം എന്നാല്‍ കുടുംബമെന്നല്ല അതിനര്‍ത്ഥം നിരന്തരമായ ചാക്രികതയാണ്. പരിചിതമായത് അന്വേഷിക്കുമ്പോള്‍, നിങ്ങള്‍ എല്ലായ്പ്പോഴും തിരയുന്നത് യാദൃശ്ചികതയാണ്.
നിര്‍ഭാഗ്യവശാല്‍, ഭൗതിക ശാസ്ത്രത്തില്‍ പോലും, ബന്ധപ്പെടുത്താന്‍ അവര്‍ യാദൃശ്ചികത തേടുന്നു. കാര്യങ്ങള്‍ നോക്കി കാണാനുള്ള ഒരു മാര്‍ഗമാണിതെങ്കിലും അത് ഉപരിതലത്തില്‍ മാത്രം നില്ക്കുകയുള്ളൂ. അതൊരിക്കലും അസ്തിത്വത്തിന്റെ ആഴത്തിലുള്ള മാനങ്ങളെ പര്യവേഷണം ചെയ്യില്ല. ചുറ്റുമുള്ളതെല്ലാം നിങ്ങള്‍ കാണും, എന്നാല്‍ സൃഷ്ടിയുടെ ഉറവിടം നിങ്ങള്‍ക്ക് നഷ്ടമാകും.
അപരിചിതമായ ഭൂപ്രദേശങ്ങള്‍ കണ്ടെത്താനും അവിടെ സഞ്ചരിക്കാനും, നിങ്ങള്‍ നിങ്ങളുടെ ഊര്ജഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്, നിങ്ങള്‍ ശരീരത്തെയും വികാരങ്ങളെയും സന്തുലിതമാക്കേണ്ടതുണ്ട്, കൂടാതെ വിവിധ തരം വികാരങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മനസ്സ് നിങ്ങള്‍ക്കാവശ്യമാണ്.
ഈ സ്ഥിരതയില്ലാതെ, ജീവിതത്തിന്റെ അപരിചിതമായ മേഖലകളില്‍ പര്യവേഷണം ചെയ്യാന്‍ ആരും ഒരിക്കലും ധൈര്യപ്പെടില്ല. നിങ്ങള്‍ ആവേശത്തോടെ മരിക്കുകയാണെങ്കില്‍, വളരെ നല്ലത്. ഇത്തരമൊരു ഗംഭീരമായ സൃഷ്ടിയില്‍, നിങ്ങള്‍ വിരസത മൂലം മരിക്കുകയാണെങ്കില്‍, അതാണ് ഏറ്റവും വലിയ അപരാധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: