ശ്രീകാന്ത്
കാലമെന്നത് ഒരു ആപേക്ഷികസംഗതിയാണെന്ന് ഇന്ന് ആധുനികശാസ്ത്രം പറയുന്നു. ‘ഉന്മേഷനിമിഷോത്പന്ന വിപന്ന ഭുവനവലിഃ’ അതായത് കണ്ണടച്ചു തുറക്കുമ്പോള്‍ പ്രപഞ്ചങ്ങള്‍ ആവിര്‍ഭവിക്കുന്നതിനും വിലയം ചെയ്യുന്നതിനും കാരണമായവള്‍, എന്നാണ് ആ പരമമായ ഊര്‍ജത്തെ അഥവാ ഉണ്മയെ ശ്രീ ലളിതാസഹസ്രനാമസ്‌തോത്രം വാഴ്‌ത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആദിജീവത്തുടിപ്പില്‍ നിന്ന് മനുഷ്യനിലെത്താന്‍ എടുത്ത 4000 ദശലക്ഷം വര്‍ഷങ്ങള്‍ ഒരു നിമിഷത്തിന്റെ ഏതോ ഒരംശം മാത്രമാണെന്ന് വരും.
ഒരു സെക്കന്ററിന്റെ ലക്ഷങ്ങളിലൊരംശം കൊണ്ടാണ് ഹിഗ്‌സ് ബോസോണ്‍ ഊര്‍ജത്തിന് പിണ്ഡം പകരുന്നതെന്നു ശാസ്ത്രം പറയുമ്പോള്‍, ഋഷികള്‍ പണ്ട് പറഞ്ഞത് വെറും ഭാവനയല്ലെന്നു ബോധ്യമാകും.
കാലദേശ പരിമിതമായ, പ്രപഞ്ചത്തിനാധാരമായ ആത്മസത്തയുടെ പരമസ്വാതന്ത്യം മനുഷ്യസാധ്യതയാണെന്ന് ‘ആത്മോപദേശശതകത്തി’ല്‍ ശ്രീനാരായണഗുരു പ്രകാശിപ്പിക്കുന്നു, ഭൗതികയാന്ത്രികതയുടെ പരിമിതികളില്‍ അമര്‍ന്നുപോകുന്നവരുടെ അസ്വാതന്ത്ര്യസ്ഥിതിയെയും:
പരയുടെ പാലു കുടിച്ച ഭാഗ്യവാന്മാര്‍
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ
ലരനൊടിയായിരമാണ്ടുപോലെ തോന്നും
വികാസാത്മകമായ മൂല്യങ്ങളിലൂടെ സ്വാര്‍ത്ഥതയുടെ പരിമിതികളെ ലംഘിച്ചു സ്വതന്ത്രരാകുന്നവരെ ഇവിടെ ഭാഗ്യവാന്മാരെന്നു വിളിക്കുന്നു. ആ പരിമിതാവസ്ഥയെയാണ് അപരപ്രകൃതിയെന്നു പറയുന്നത്. അതിനു വിധേയരാകുന്നവര്‍ ഒരു നീണ്ട ദുരന്തകാലമായിരിക്കും സൃഷ്ടിക്കുക എന്ന് ഇവിടെ സൂചിപ്പിക്കുന്നു.
യുദ്ധസന്നാഹങ്ങളോടെ സ്വയംവിനാശപ്രവണതയുമായി കഴിയുന്ന ഇന്നത്തെ മനുഷ്യസ്ഥിതിയില്‍ നിന്ന് ഉദാത്തവും സ്വതന്ത്രവുമായ ഒരു സാമൂഹികക്രമത്തിലേക്കു പരിണമിച്ചുയരാന്‍ കുറെകാലമെടുത്തെന്നു വരും. അത് ത്വരിതപ്പെടുത്തണമെങ്കില്‍ പ്രപഞ്ചത്തെയും മനുഷ്യസ്ഥിതിയെയും അവ തമ്മിലുള്ള ബന്ധത്തെയും കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ആര്‍ജിക്കുകതന്നെ വേണം. ഇക്കാര്യത്തില്‍ പൊട്ടന്‍തെയ്യം തോറ്റംപാട്ട് അമൂല്യവും അതുല്യവുമായ ഒരു ജ്ഞാനനിധിയാണ് തുറന്നു തരുന്നതെന്നു ആഴത്തില്‍ പഠിക്കുമ്പോള്‍ വ്യക്തമാകും.
ചരിത്രത്തിലിതേവരെ സംഭവിച്ചിട്ടില്ലാത്ത അപകടസന്ധിയിലാണ് ഇന്ന് ലോകം. പ്രകൃതിയുടെ അനുഗൃഹീത കരങ്ങളാണ് പ്രകൃതിനിര്‍ധാരണതത്വങ്ങളിലൂടെയും മാതൃസ്‌നേഹം തുടങ്ങിയ മുല്യങ്ങളിലൂടെയും ജീവസത്തയെ ചിന്താശക്തിയും സൃഷ്ടിപരമായ തിരഞ്ഞെടുക്കലിനുള്ള സ്വാതന്ത്യവും കൈവന്ന മനുഷ്യന്‍വരെ കൊണ്ടിത്തിച്ചത്. തുടര്‍ന്നുള്ള ജീവപരിണാമത്തിന്റെ ഉത്തരവാദിത്തം മനുഷ്യന്റേതാണ്. ഈ തത്ത്വമാണ് ഭഗവദ്ഗീതയില്‍ പ്രകാശിപ്പിക്കുന്നത്: ‘സ്വന്തം യത്‌നത്തിലൂടെ സ്വയം ഉദ്ധരിക്കുക; അധഃപതിക്കരുത്. നീ തന്നെ നിന്റെ മിത്രവും ശത്രുവും’ (6 5).മൂല്യങ്ങളിലൂടെയുള്ള ജീവപരിണാമത്തിനു തടസ്സം നേരിടുമ്പോള്‍ അത് പിന്നോട്ടടിക്കും. മനുഷ്യമനസ്സിന് യാഥാസ്ഥിതികമായ ഒരു നിലനില്‍പ്പില്ല.മുന്നോട്ട് അല്ലെങ്കില്‍ പിന്നോട്ട്. മനുഷ്യസ്ഥിതിയിലേക്ക് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കി മുന്നോട്ടു നീങ്ങാനുള്ള ദിശാബോധം നല്‍കുന്ന ഒരു അപൂര്‍വ ജ്ഞാനനിധിയാണ് പൊട്ടന്‍തെയ്യം തോറ്റം പാട്ട്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: