മുംബൈ: ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും സമൂഹത്തില്‍ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കുകയുമാണ് ശരത് പവാറെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ശരത് പവാറിനെതിരെ 11 ട്വീറ്റുകളിലൂടെ ആഞ്ഞടിക്കുകയായിരുന്നു ഫഡ്നാവിസ്.
ഹിന്ദു ഭീകരത എന്ന വാക്ക് ആദ്യമായി ഉണ്ടാക്കിയ വ്യക്തി ആരാണെന്ന് പറയാമോ? – പവാറിനെ മനസ്സില്‍ വെച്ചുകൊണ്ട് ഫഡ്നാവിസ് ചോദിച്ചു. ന്യൂനപക്ഷമാണ് ആരെ തോല്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്ന സിദ്ധാന്തത്തിന്റെ സൃഷ്ടിയും അദ്ദേഹത്തിന്റേതാണ്. – ഫഡ്നാവിസ് പറഞ്ഞു. 1993 മാര്‍ച്ച് 12ന് 12 സ്ഫോടന പരമ്പരകളാല്‍ മുംബൈ കരഞ്ഞപ്പോള്‍ എന്ത് സംഭവിച്ചു? പവാര്‍ പ്രത്യേകം ആസൂത്രണം ചെയ്ത് 13ാമത്തെ ഒരു സ്ഫോടനം മുസ്ലിം പ്രദേശത്ത് നടത്തി. ക്രമസമാധാന പാലനമല്ല, പ്രീണനമാണ് പവാറിന്റെ ലക്ഷ്യം. – ഫഡ്നാവിസ് പറഞ്ഞു.
എന്‍സിപി മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത് ദാവൂദ് ഇബ്രാഹിം എന്ന അധോലോക നായകന്റെ കള്ളപ്പണം വെളുപ്പിച്ചതിനാണ്. 2013ല്‍ ഇഷ്റത്ത് ജഹാന് കുറ്റക്കാരിയല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് എന്‍സിപിക്കാര്‍. എന്‍സിപിയുടെ സീനിയര്‍ നേതാക്കള്‍ അവര്‍ക്ക് സഹായവും നല്കി. അവരെ കുടുക്കിയ ഇന്റലിജന്‍സ് ഏജന്‍സിയെ എല്ലാതരത്തിലും അപമാനിക്കാനും ശ്രമിച്ചു. 2012ല്‍ എന്‍സിപിയും കോണ്‍ഗ്രസും ഭരിയ്ക്കുന്ന കാലത്താണ് നാണം കെട്ട ആസാദ് മൈതാന്‍ അക്രമം മുംബൈയില്‍ അരങ്ങേറിയത്. അന്ന് അമര്‍ ജവാന് ജ്യോതിയെ അപമാനിച്ചു. എന്നാല്‍ അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍സിപി അന്ന് റാസ അക്കാദമിയോട് മൃദുസമീപനം പുലര്‍ത്തി. മുംബൈ പൊലീസ് കമ്മീഷണറെ ആ സ്ഥാനത്ത് നിന്നും നീക്കി.- അദ്ദേഹം പറഞ്ഞു.
കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കളിയാക്കിയ ശരത് പവാറിന്റെ നിലപാടില്‍ അതിശയം തോന്നുന്നില്ല. കാരണം അത് എന്‍സിപിയുടെ ദശകങ്ങളായുള്ള പ്രീണനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കലിന്റെയും ഭാഗമാണ്. – ഫഡ്നാവിസ് പറഞ്ഞു.
ഒരു വശത്ത് ഡോ. ബി.ആര്. അംബേദ്കറുടെ 131ാം ജന്മവാര്‍ഷികം ആഘോഷിച്ചു. അദ്ദേഹം ജമ്മു കശ്മീരിലെ പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പിനെ എതിര്‍ത്തയാളാണ്. എന്നാല്‍ ഡോ. അംബേദ്കറുടെ മൂല്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും എതിരായാണ് ശരത് പവാര്‍ സംസാരിക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ മുസ്ലിം ക്വാട്ട വീണ്ടും കൊണ്ടുവരാന്‍ എന്‍സിപിക്ക് പദ്ധതിയുണ്ട്. ഭരണഘടനയില്‍ അതിനുള്ള വകുപ്പില്ല. എന്നാല്‍ വോട്ട് ബാങ്ക് ഭരണഘടനയ്ക്ക് മുകളില്‍ നിലകൊള്ളുന്നുവെന്നത് നാണക്കേടാണ്. – ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
കശ്മീര്‍ ഫയല്‍സ് ഏതെങ്കിലും മതത്തിനെതിരായ സിനിമയല്ല. പകരം ആളുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ നേര്‍വിപരീതമായി നോക്കുന്നവര്‍ക്ക് എതിരായ സിനിമയാണ്. അവര്‍ അങ്ങിനെ നോക്കൂന്നത് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനും വര്‍ഗ്ഗീയമായി സമൂഹത്തെ വിഭജിക്കാനുമാണ്. എന്നാല്‍ അംബേദ്കറിന്റെ ഇന്ത്യയില്‍ സമൂഹത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള സമീപനത്തിന് സ്വീകാര്യതയില്ല.- ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: