Categories: Kerala

ജെസ്‌നയെ കേരളാ പോലീസ് കണ്ടെത്തി; പുറത്ത് അറിയിച്ചില്ല; രണ്ടുകുട്ടികളുടെ അമ്മയെന്നും വിവരം; സിറിയയിലേക്ക് കടത്തിയെന്നും റിപ്പോര്‍ട്ട്; നേരറിയാന്‍ സിബിഐ

Published by

തിരുവനന്തപുരം:  നാലുവര്‍ഷംമുമ്പ് കേരളത്തില്‍ നിന്ന് കാണാതായ വെച്ചൂച്ചിറ സ്വദേശിനി  ജെസ്‌ന ജെയിംസിനെ കേരളാ പോലീസ് കണ്ടെത്തിയതായി സ്ഥിരീകരിച്ച് സിബിഐ. രണ്ടു വര്‍ഷം മുമ്പ് വരെ ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരം സിബിഐയ്‌ക്ക് ലഭിച്ചിട്ടുണ്ട്.  ജെസ്‌ന താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. ജെസ്‌ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ഇവര്‍ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് സിബിഐയ്‌ക്ക് ലഭിച്ച വിവരം.  

കേരളാ പോലീസിന്റെ  ക്രൈംബ്രാഞ്ചാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍,  വെളിപ്പെടുത്താനാകില്ലെന്നും ഇദേഹം പറഞ്ഞിരുന്നു. ഇതേകാര്യം പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണ്‍ പറഞ്ഞിരുന്നു. പോലീസിന്റെ അനാസ്ഥയാണ് ജെസ്‌നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ പറയുന്നു. 

സിറിയയിലേക്ക് ജെസ്‌ന രാജ്യം വിട്ടുവോ എന്നു സ്ഥിരീകരിക്കാന്‍ വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ സിബിഐ പരിശോധിക്കുന്നുണ്ട്. 2018 മാര്‍ച്ചിലാണ് ജെസ്‌നയെ കാണാതായത്. അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക. 

ഇതിന്റെ ഭാഗമായി സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടശേഷമാണു പുതിയ നടപടി. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ കോടതി അംഗീകരിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by