പാലക്കാട് : പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് ശ്രീനിവാസനെ യാത്രയാക്കിയത്. ബന്ധുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചത് ആരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. കറുകോടി ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്
12 മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ച ശ്രീനിവാസന്റെ ഭൗതിക ശരീരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് കണ്ണകിയമ്മന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി നിരവധി പേരാണ് എത്തിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിലാപയാത്രയ്ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വിലാപയാത്ര നടത്തുമെന്ന് ബിജെപി നിലപാട് എടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ സംഘം ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വാളുകളുമായി എത്തിയ മൂന്ന് പേര് കടയ്ക്ക് അകത്ത് കയറി ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകള്‍ സംഭവിച്ചതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതും വണ്ടി നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: