തിരുവനന്തപുരം: വര്‍ഗീയ കലാപമുണ്ടാക്കാന്‍ എസിഡിപിഐക്ക് എല്ലാ ഒത്താശയും രാഷ്ട്രീയ അഭയവും നല്‍കുന്നത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പാലക്കാട് മേലാമുറിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐ ഭീകരവാദികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ടിന് ഒരു പ്രശ്നം വന്നാല്‍ ആദ്യം ഓടിയെത്തുന്നത് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാണ്. സിപിഎം യുവജനസംഘടന മതേതരത്വം പ്രസംഗിച്ചുകൊണ്ട് എന്തിനാണ് മതതീവ്രവാദികളെ സഹായിക്കുന്നത്.
ഇവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം നടത്താനുള്ള മറമാത്രമാണ് സിപിഎം. സിപിഎമ്മും പിഎഫ്ഐയും നടത്തുന്ന കൊലപാതകത്തിന് സാമ്യതകളുണ്ട്. കേരളത്തില്‍ വര്‍ഗീയ ലഹള ആഗ്രഹിച്ചാണ് മതതീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുന്നത്. വര്‍ഗീയ ധ്രൂവീകരണം ഉദ്ദേശിച്ചുള്ള കൊലപാതകമാണിവര് നടത്തുന്നത്. ഇതിന്റെ രാഷ്ട്രീയ ലാഭം സിപിഎമ്മിനാണ്. അതുകൊണ്ടാണവര്‍ അക്രമികളെ സഹായിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേലാമുറിയില്‍ മദനിയുടെയും ഐഎസ്എസിന്റെയും നേതൃത്വത്തില്‍ വന്‍ വര്‍ഗീയ കലാപം നടന്നതാണ്. സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ ആയിരത്തോളം പോലീസുകാരെ അധികം നിശ്ചയിച്ചിട്ടും മുന്‍പ് വര്‍ഗീയ കലാപം നടന്നിട്ടുള്ള മേലാമുറിയില്‍ നാലുപോലീസുകാരെയാണ് കാവലിനിട്ടിരുന്നത്. ഇത് പോലീസും സിപിഎമ്മും പോപ്പുലര്‍ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണ്.
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറു വര്‍ഷത്തിനിടയില്‍ 24-ാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊലചെയ്യപ്പെടുന്നത്. പിഎഫ്ഐ ഏതാണ് ഡിവൈഎഫ്ഐ ഏതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. തിരുവമ്പാടിയില്‍ ലൗജിഹാദിന് ഇരയാക്കപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ പറയുന്നത് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ ഡിവൈഎഫ്ഐ നേതാവ് പകല്‍ സിപിഎമ്മും രാത്രികാലങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടും ആണെന്നാണ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കായംകുളത്തെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തിലേക്കാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇവര്‍തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
തീവ്രവാദികളില്‍ നിന്ന് രാഷ്ട്രീയലാഭം ഉണ്ടാക്കാനും ഒരുവിഭാഗത്തിന്റെ വോട്ടുനേടാനുമാണ് പിണറായി വിജയന്റെ ശ്രമം. മതഭീകരവാദശക്തികള് ആര്‍എസ്എസിനും ബിജെപിക്കുമാത്രമല്ല എല്ലാവര്ക്കും അപകടമാണ്. കാശ്മീരിലും കാബൂളിലും സിറിയയിലും സംഭവിച്ചതുപോലെ സാധാരണക്കാരന്റെ വാതിലിലേക്ക് അവര്‍ വരും. മാനവരാശിയുടെ അന്തകരായിട്ടുള്ള പോപ്പുലര്‍ഫ്രണ്ടിനെതിരെ കൂടുതല്‍ ശക്തമായിത്തനെ ബിജെപി പോരാടും. സിപിഎം ഭീഷണിയെ എങ്ങനെ നേരിട്ടോ അതുപോലെ പോപ്പുലര്‍ഫ്രണ്ടിനെയും നേരിടുമെന്നും സുരേന്ദ്രന് പറഞ്ഞു. ആയുര്‍വേദ കോളജിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍, ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് തുടങ്ങി മുതിര്‍ന്ന പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: