പാലക്കാട്: പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ അക്രമികള്‍ വകവരുത്തിയത് അതിക്രൂരമായി. പരിശീലനം കിട്ടിയ ക്രിമിനലുകളാണ് കൊലപാതകം നടത്തിയത്. സിസിടിലി ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാം.
ബിജെപിക്ക് സ്വാധീനമുളള മേഖലയാണ് മേലാമുറി. ഇരുചക്ര വാഹനങ്ങളുടെ കച്ചവടം നടത്തുകയായിരുന്നു ശ്രീനിവാസന്. ഈ കടയിലേക്കാണ് അക്രമികള്‍ പകല്‍വെളിച്ചത്തില്‍ എത്തിയത്. മൂന്ന് ബൈക്കുകളിലായി ആറ് അക്രമികള്‍ എത്തുന്നതും ബൈക്കുകള്‍ക്ക് പിന്നില്‍ ഇരുന്നവര്‍ കടയിലേക്ക് ഓടിക്കയറി കൊലപാതകത്തിന് ശേഷം തിരികെ ബൈക്കില്‍ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം കാലില്‍ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയില്‍ ഉള്‍പ്പടെ വെട്ടി മരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു അക്രമികള്‍ പോയത്.
റോഡിന്റെ എതിര്‍ഭാഗത്ത് നിന്നും എത്തിയ ഇവര്‍ ബൈക്കുകള്‍ തിരിച്ച് ശ്രീനിവാസന്റെ കടയോട് ചേര്‍ത്ത് നിര്‍ത്തിയ ശേഷമായിരുന്നു അക്രമം നടത്തിയത്. ആദ്യം ഒരു ബൈക്കിന് പിന്നിലിരുന്ന ആള് ഇറങ്ങി. ഇയാള്‍ അക്രമത്തിന് തുടക്കമിട്ടതോടെ ബാക്കി രണ്ട് പേര് കൂടി ഇറങ്ങി കടയിലേക്ക് കയറുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ സംഭവം മനസിലാക്കി കടയിലേക്ക് ഓടിയെത്താന്‍ തുടങ്ങിയപ്പോഴേക്കും കൃത്യം നടത്തി പ്രതികള്‍ ബൈക്കില്‍ കയറി മടങ്ങിയിരുന്നു. പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും 500 മീറ്റര്‍ മാത്രമാണ് ഇവിടേക്കുളള ദൂരം. അതുകൊണ്ടു തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുളള വീഴ്ച പ്രകടമായി തെളിയുകയാണ്. കൊലപാതകത്തിന്റെ ക്രൂരമായ രീതി വിലയിരുത്തിയാണ് പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് സംശയം ഉയരുന്നത്.
ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം ജില്ലയില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പല കോണുകളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം നേരിട്ട് വ്യക്തമാക്കിയിട്ടും നവമാദ്ധ്യമങ്ങളിലടക്കം രാഷ്ട്രീയ കൊലവിളികള്‍ ഉയര്‍ന്നിരുന്നു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ഉയര്‍ത്തിയെന്നായിരുന്നു പോലീസിന്റെ അവകാശവാദം.
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ തന്നെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ കയറുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന വ്യക്തമായ മുന്നറിയിപ്പുകള്‍ പോലീസിന് ലഭിച്ചിട്ടും വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: