ഇരിട്ടി: ഇരിട്ടി മേഖലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് ഫോക്കസ് എന്ന പേരിലുള്ള വാഹന പരിശോധനയില്‍ ഒരു മണിക്കൂറിനുള്ളില്‍ നടപടിയെടുത്തത് 45 വാഹനങ്ങള്‍ക്കെതിരെ. രാത്രി കാലങ്ങളില്‍ പൊതുനിരത്തില്‍ അപകടം ഇല്ലാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
ഇരിട്ടി ടൗണ്‍, ജബ്ബാര്‍കടവ്, കീഴൂര്‍ എന്നിവിടങ്ങളിലാണ് വാഹനപരിശോധന നടന്നത്. നിയമം ലംഘിച്ച് സഞ്ചരിച്ച 45 വാഹന ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി. പെര്‍മിറ്റില്ലാതെയും, ഇന്‍ഷുറന്‍സ് ഇല്ലാതെയും, ലൈസന്‍സില്ലാതെയും, അമിത പ്രകാശം പരത്തി എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രയാസം തീര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കിയത്. കഴിഞ്ഞ മാര്‍ച്ച് മാസം 110 കേസുകളില്‍ പിടികൂടി. അതില്‍ നിന്നും 3.7 ലക്ഷം രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.
ഇരിട്ടി ജോയിന്റ് ആര്.ടി.ഒ. എ.സി. ഷീബയുടെ നിര്‍ദേശപ്രകാരം എം.വി. ഐ വൈകുണ്ഠന്റെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.കെ. ഷീജി, വി.ആര്. ഷനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും രാത്രി കാലങ്ങളില്‍ ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: