പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡ് അപകടരഹിതമാക്കാനുള്ള നടപടി വൈകുന്നു. അപകടങ്ങളുണ്ടാകുമ്പോള്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കു ന്നതല്ലാതെ പരിഹാരം ഇതുവരെ ആയിട്ടില്ല.
പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ റോഡ് 21.49 കിലോ മീറ്ററാണ്. 2017ല്‍ നവീകരണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ പതിവായത്. റോഡിന്റെ നവീകരണത്തിന് ശേഷം 202 അപകടങ്ങളാണ് പൊന്‍കുന്നം, പാലാ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഉണ്ടായിരിക്കുന്നത്. 52 പേര് മരിച്ചു. 64 പേര്‍ക്ക് ഗുരുതര പരിക്കും, 87 പേര്‍ക്ക് നിസാര പരിക്കും ഉണ്ടായി.
രണ്ടാം മൈല്‍ മുതല്‍ മഞ്ചക്കുഴി വരെയുള്ള 6.45 കിലോമീറ്റര്‍ ദൂരമാണ് പ്രധാന അപകട മേഖലയായി നാറ്റ്പാക് കണ്ടെത്തിയിരിക്കുന്നത്. അട്ടിക്കല്‍, ഒന്നാം മൈല്‍, രണ്ടാം മൈല്‍, ഇളങ്ങുളം ക്ഷേത്രം കവല, പനമറ്റം കവല, അഞ്ചാം മൈല്‍, മഞ്ചക്കുഴി, കുരുവിക്കൂട്, പൈക എന്നിവയാണ് പ്രധാന അപകട മേഖലകള്‍. മഴ സമയത്ത് വാഹനങ്ങള്‍ അമിത വേഗത്തില്‍ എത്തുമ്പോള്‍ നിയന്ത്രണം തെറ്റിയാണ് മിക്ക അപകടങ്ങളും. പാതയില്‍ വളവുകള്‍ കൂടുതലുള്ളതിനാല്‍ ദൂരക്കാഴ്ചയും കുറവാണ്.
വഴിയോരങ്ങളില്‍ കാടുവളര്‍ന്ന് കാഴ്ച മറക്കുന്നത് ഡ്രൈവര്‍മാരെ വളവുകളില്‍ കുഴക്കുന്നുണ്ട്. വഴിവിളക്ക് തെളിയാത്തതും പി പി റോഡിന്റെ പലയിടങ്ങളിലും പ്രശ്നമാണ്. സോളാര്‍ വിളക്കുകളില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. മഴയുള്ള രാത്രി സമയം, മഞ്ഞു പെയ്തു റോഡിന് നനവുള്ള പുലര്‍ച്ചെ സമയം, രാത്രി എട്ടിനും പുലര്‍ച്ചെ ആറിനും ഇടയിലുമാണ് അപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നത്.
അപകടം കുറയ്ക്കാന്‍ പൈക ഗവ. ആശുപത്രിക്കു സമീപവും പൂവരണിയിലും സ്പീഡ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പൈകയില്‍ വണ്‍ സൈഡ് ക്യാമറയും മറ്റ് രണ്ടിടത്ത് ടൂ സൈഡ് ക്യാമറയുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഹൈവേ പോലീസിന്റെ പട്രോളിങ്ങും കാര്യക്ഷമമല്ല. പോലീസ് പട്രോളിങ് കര്ശനമക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: