കോട്ടയം: പാറമ്പുഴയിലെ ശക്തമായ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയാണ് എം.പി.ഗോവിന്ദന് നായരെന്ന തങ്കപ്പച്ചേട്ടന്റെ രാഷ്ട്രീയ പടയോട്ടത്തിന് തുടക്കം കുറിച്ചത്. 24-ാം വയസില്‍ വിജയപുരം ഗ്രാമപഞ്ചായത്ത് അംഗമായയും ആദ്യ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് പാറമ്പുഴ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. അങ്ങനെയാണ് പാറമ്പുഴക്ക് മോസ്കോ കവല എന്ന് പേര് വന്നത്.
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി കെട്ടാനോ സമ്മേളനം സംഘടിപ്പിക്കാനോ പാറമ്പുഴയിലോ മോസ്കോ കവലയിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിച്ചിരുന്നില്ല. ആരെങ്കിലും വന്നാല്‍ സംഘടിതമായ ആക്രമണത്തിലൂടെ അവരെ ഓടിക്കുമായിരുന്നു. മോസ്കോ കവലയില്‍ കൊടി ഉയര്‍ത്തിയതിന് ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതിക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആ സ്ഥലത്തുനിന്നാണ് അടുത്ത ബന്ധുകൂടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തെക്കേടത്ത് അപ്പുച്ചേട്ടനെന്ന ടി.ആര്.രാമന് പിള്ളയെ 16 വോട്ടിന് പരാജയപ്പെടുത്തി ഗോവിന്ദന് നായര്‍ പഞ്ചായത്തംഗമാകുന്നത്.
1960ല്‍ കോട്ടയം നിയോജക മണ്ഡലത്തിന് നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1962 മുതല്‍ 1964 വരെ ആര്. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന് അടിത്തറ പാകിയത് എം. പി. ഗോവിന്ദന് നായരാണ്.
സ്വദേശമായ പാറമ്പുഴയിലോ തിരുവഞ്ചൂരോ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മണിയാര്‍, നിലകുവാടി കുന്നുംപുറം എന്നി പ്രദേശങ്ങളില്‍ മെഡിക്കല്‍ കോളജിനായി പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരായ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്മാറുകയായിരുന്നു.
കോട്ടയം നഗരത്തിലാണ് താമസമെങ്കിലും നാടുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. ഒരു രാഷ്ട്രീയ കാലഘട്ടത്തിന്റെ ചിരിത്രരേഖകള് ബാക്കിവെച്ചാണ് എം.പി.ഗോവിന്ദന് നായര്‍ വിടവാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: