ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ഇടതുപക്ഷത്തിനു മാത്രമല്ല, എല്ലാവര്ക്കും പഠിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ഇടമുണ്ടെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെഎന്‍യു ദേശസ്നേഹികളുടേതാണ്. രാമനവമി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വികാരങ്ങള്‍ യുക്തിവാദത്തിനു മേല്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം. ഞാന്‍ നാനാത്വത്തിലാണു വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടണം, ആഘോഷിക്കപ്പെടണം ജെഎന്‍യു വിസി പറഞ്ഞു. ഇവിടെ പല ആഖ്യാനങ്ങളുമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്. ഇന്ത്യയില്‍ കാര്യങ്ങള്‍ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ട്. എന്നോട് അഭിപ്രായ വ്യത്യാസമുള്ള ചിലരുണ്ട്. പക്ഷേ ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാവര്‍ക്കും അവിടെ ഇടമുണ്ടെന്ന് എനിക്ക് ഉറപ്പു നല്‍കാനാകുമെന്നും വിസി പറഞ്ഞു.
ദേശീയ താത്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ തെരഞ്ഞുപിടിച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുസ്വഭാവം. മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുത്വവാദത്തിന്റെ പേരുപറഞ്ഞ് ദേശീയ വിദ്യാഭ്യാസ നയത്തെ ഇവര്‍ എതിര്‍ക്കുകയാണ്. എന്നാല്‍, പരിവര്‍ത്തനത്തിനും പരിഷ്കരണത്തിനും പ്രാപ്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇടത് അധ്യാപക സംഘടനകള്‍ സംഘടിച്ച് ഇതിനെ എതിര്‍ക്കാനും ദേശീയ വിദ്യാഭ്യാസ നയത്തെ അനുകുലിക്കുന്നവരെ ഒറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കം തുല്യ പ്രാധാന്യം നല്കുന്നു. ഒറ്റപ്പെടുത്തലുകളില്‍ നിന്ന് നമ്മുടെ ദേശീയ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടു വരണം.
ജെഎന്‍യുവില്‍ കാലാകാലങ്ങളില്‍ ഇടതുസംഘടനകളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമനങ്ങളും വിദ്യാഭ്യാസ രീതികളുമാണ് നടന്നിട്ടുള്ളത്. ഇന്ന് ജെഎന്‍യു മാറ്റത്തിന്റെ പാതയിലാണ്. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഠിപ്പിച്ചുകൊണ്ടിരുന്നത് അന്ധമായി അനുകരിക്കാന്‍ മാത്രമായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ഹിന്ദിമേഖലയ്ക്കു പുറത്തുനിന്ന് ഒരു വനിത ജെഎന്‍യുവിന്റെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത് താനാണെന്നും കൂടുതല്‍ വനിതകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിലേക്ക് നിയോഗിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: