തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഉടന്‍. ഇതിനായി ധനവകുപ്പ് അടിയന്തിരമായി അനുവദിച്ചത് 30 കോടി രൂപ മാത്രം. ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ശമ്പള വിതരണത്തിനായി ആകെ വേണ്ടത് 97 കോടി രൂപയായിരുന്നു. ഇതിലേക്കാണ് ഇപ്പോള്‍ 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഏപ്രില്‍ 13 കഴിഞ്ഞിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. വിഷുവിന് മുമ്പ് ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഏപ്രില്‍ 28ന് പണിമുടക്ക് നടത്തുമെന്നും കെഎസ്ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ അടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗത വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ധനവകുപ്പിന്റെ നീക്കം.
സാധാരണയായി 25,000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ഒരുമാസത്തില്‍ 97 കോടി രൂപയാണ് ശമ്പള വിതരണത്തിനും പെന്ഷന് നല്കുന്നതിനുമായി ആവശ്യമായിട്ടുള്ളത്. സമര പ്രഖ്യാപനത്തിന് പിന്നാലെ 75 കോടി രൂപ നല്‍കണമെന്നായിരുന്നു കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അടിയന്തിരമായി പ്രഖ്യാപിച്ച 30 കോടി രൂപ പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പ്രതികരണം അറിയിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാതെ സമരം പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.
എന്നാല്‍ പെന്ഷന് വിതരണത്തിനും വായ്പാ തിരിച്ചടവിനും ഇപ്പോള്‍ ശമ്പള വിതരണത്തിനുമായി ആകെ 230ലധികം കോടി രൂപ കഴിഞ്ഞ ഒരുമാസമായി ധനവകുപ്പ് നല്‍കിയെന്നും ഇതില്‍ കൂടുതല്‍ തരാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: