കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉക്രൈന് രാഷ്ട്രീയ നേതാവും ശതകോടീശ്വരനുമായ വിക്ടര്‍ മെദ്വെഡ്ചുക്കിനെ തടവിലാക്കിയതായി ഉക്രൈന്. ‘റഷ്യയുടെ പ്രധാന സുഹൃത്തിനെ നിങ്ങള്‍ക്ക് തിരികെ വേണമെന്നുണ്ടെങ്കില്‍ റഷ്യ തടവിലാക്കിയ മുഴുവന്‍ യുദ്ധത്തടവുകാരെയും മോചിപ്പിക്കണ’മെന്നു ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലായിരുന്ന മെദ്വെഡ്ചുക്ക് ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ രക്ഷപ്പെട്ടതായി ഉക്രൈന് ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെദ്വെഡ്ചുക്കിനെ വീണ്ടും പിടികൂടിയതായി സെലന്‍സ്കി അറിയിച്ചത്. ഇദ്ദേഹത്തിന്റെ മോചനദ്രവ്യം എന്ന നിലയിലാണ് ഉക്രൈന് യുദ്ധത്തടവുകാരെ വിട്ടുനല്‍കണമെന്ന് ഉക്രൈന് റഷ്യയോട് ആവിശ്യപ്പെട്ടത്. ‘റഷ്യന്‍ ഫെഡറേഷനോട് ഞാന്‍ നിര്‍ദ്ദേശിക്കുന്നു ഇപ്പോള്‍ റഷ്യന്‍ അടിമത്തത്തില്‍ കഴിയുന്ന ഞങ്ങളുടെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മോചിപ്പിക്കണം. പകരം നിങ്ങളുടെ ഈ വ്യക്തിയെ ഞങ്ങള്‍ നിങ്ങള്‍ക്ക് കൈമാറാം’ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ബുധനാഴ്ച അതിരാവിലെ ഒരു പ്രസംഗത്തില്‍ പറഞ്ഞു.ഉക്രൈന് സുരക്ഷാ സേവനത്തിന്റെ തലവന്‍ ഇവാന് ബക്കനോവ് മെദ്വെഡ്ചുക്കിന്റെ കൈവിലങ്ങിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പ്രത്യേക ഓപ്പറേഷന് വഴിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ബക്കനോവ് പറഞ്ഞു. അതേസമയം പുറത്ത് വിട്ട ഫോട്ടോ തങ്ങള്‍ കണ്ടെന്നും ഇത് യഥാര്‍ത്ഥമാണോ എന്ന് പറയാന്‍ കഴിയില്ലെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.
അതിനിടെ ഉക്രൈനെതിരായ റഷ്യയുടെ ആക്രമണം വംശഹത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് രം ഗത്ത് വന്നു. ‘റഷ്യയുടെ ആക്രമണം വംശഹത്യയാണെന്നാണ് ഞങ്ങള്‍ കരുതുന്നുത്. അത് യോഗ്യമാണോ അല്ലയോ എന്ന് അന്താരാഷ്ട്രതലത്തില്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ അഭിഭാഷകരെ നിയമിക്കും. അത് തീര്‍ച്ചയായും വംശഹത്യയാണെന്ന് എനിക്ക് തോന്നുന്നു.’ എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. അതേ സമയം സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നു എന്ന ആരോപണം റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചു.
ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. നിലവില്‍ വടക്കന്‍ ഉക്രൈനില്‍ നിന്ന് റഷ്യ പിന്‍വാങ്ങിയ പട്ടണങ്ങളില്‍ പലതിലും കൊലപാതകം, പീഡനം, ബലാത്സംഗം എന്നിവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന രണ്ട് കിഴക്കന്‍ പ്രവിശ്യകളിലെ വിഘടനവാദികള്‍ക്ക് വേണ്ടി കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് റഷ്യ പറയുന്നു. അതേസമയം റഷ്യ രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: