ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കഴിഞ്ഞ ദിവസം രാമനവമി യാത്രയ്ക്ക് നേരെ കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ച് നിരത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നടപടിയെ ചോദ്യം ചെയ്ത് പത്രപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി.
അക്രമികളുടെ വീടുകള്‍ ഇടിച്ചു നിരത്തുക വഴി കുറ്റവാസന ഇല്ലാതാക്കാനുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പാത പിന്തുടര്ന്നാണ് ശിവരാജ് ചൗഹാനും ഇടിച്ചുനിരത്തല്‍ അജണ്ടയാക്കിയത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് പുതിയ പേരും വീണു- ‘ബുള്‍ഡോസര്‍ മാമ’. ഇപ്പോള്‍ രാമനവമി യാത്രയ്ക്ക് നേരെ നടന്ന അക്രമത്തിനെതിരെ വീണ്ടും കടുത്ത ശിക്ഷാനടപടികളുമായി ബുള്‍ഡോസര്‍ മാമ മുന്നോട്ട് വന്നിരുന്നു.
ഞായറാഴ്ച മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന രാംനവമി യാത്രയ്ക്ക് നേരെയാണ് ചില അക്രമികള്‍ കല്ലേറ് നടത്തിയത്. ഏപ്രില്‍ 11 തിങ്കളാഴ്ച തന്നെ കടുത്ത നടപടികള്‍ എടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് ജെസിബി ഉപയോഗിച്ചാണ് കല്ലെറിയാന്‍ അക്രമികള്‍ ഉപയോഗിച്ച വീടുകള്‍ ഇടിച്ചു നിരത്തിയത്. ഈ വീടുകള്‍ അനധികൃതമായി പണിതുയര്‍ത്തിയവയാണെന്നും ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. കല്ലേറ്, ലഹള, തീവെപ്പ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘ഖാര്‍ഗോണില്‍ ഞായറാഴ്ച നടന്നത് നിര്‍ഭാഗ്യകരമാണ്. ഒരു അക്രമിയെയും വെറുതെ വിടില്ല. എല്ലാവരെയും ശിക്ഷിക്കും. കല്ലെറിഞ്ഞതിനെതുടര്‍ന്ന് സര്‍ക്കാരിന്റെയും സ്വകാര്യവ്യക്തികളുടെയും സ്വത്ത് വകകള്‍ക്കുണ്ടായ നഷ്ടം തിരിച്ചുപടിക്കും.’- ശിവരാജ് ചൗഹാന് പറഞ്ഞു.
അക്രമികളെ പിന്തിരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വീട് ഇടിച്ചുനിരത്തല്‍ പോലുള്ള കടുത്തശിക്ഷാനപടികള്ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടേത് പോലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും മുതിരുന്നത്. യോഗിയെ ഇതിന്റെ പേരില്‍ ബുള്‍ഡോസര്‍ ബാബ എന്ന് വിളിച്ച് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നാളുകളില്‍ സമാജ് വാദി നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. എന്നാല്‍ പിന്നീട് യോഗി തുടര്‍ഭരണം നേടുന്നതിന് അദ്ദേഹത്തിന്റെ ബുള്‍ഡോസര്‍ പ്രതിച്ഛായ നല്ലൊരു പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ചും സ്ത്രീവോട്ടുകള്‍ നേടുന്നതില്‍ അക്രമികള്‍ക്ക് കര്‍ശന ശിക്ഷ നല്കുന്ന യോഗിയെ സഹായിച്ചു. ഇതേ പാതയാണ് ഇപ്പോള്‍ ശിവരാജ് ചൗഹാന് മധ്യപ്രദേശില്‍ പിന്തുടരുന്നത്. ന്യൂനപക്ഷപ്രീണനത്തിന്റെ പേരില്‍ തെറ്റുചെയ്യുന്നവരെപ്പോലും സംരക്ഷിക്കുന്ന നടപടിയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നത്. കരൗലിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടന്നിട്ട് 11 ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ അക്രമികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും മനുഷ്യാവകാശപ്രവര്‍ത്തകരും മധ്യപ്രദേശ് സര്‍ക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്. ഈ അജണ്ടയുടെ ഭാഗമായി തന്നെയാണ് പത്രപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയും രംഗത്ത് വന്നത്.
‘ജനാധിപത്യത്തെ ഇടിച്ചുനിരത്തുകയാണോ? നിയമപരമായ പ്രക്രിയകള്‍ പാലിക്കാതെ എന്ത് നിയമത്തിന്റെ പേരിലാണ് കലാപകാരികളെന്ന് സംശയിക്കുന്നവരുടെ വീടുകള്‍ ഇടിച്ചുനിരത്തിയത്? ‘- ഇതായിരുന്നു രാജ്ദീപ് സര്ദാശേയി ട്വിറ്ററില്‍ ഉയര്‍ത്തിയ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: