തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും സമരം പ്രഖ്യാപിച്ച് യൂണിയനുകള്‍. ആദ്യപടിയായി ഏപ്രില്‍ 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് ആനത്തലവട്ടം ആനന്ദന് അറിയിച്ചു. കെ.എസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയുണ്ട്. വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കിയിട്ടില്ല. കെ സ്വിഫ്റ്റില്‍ എം പാനല്‍ ജീവനക്കാപരെ നിയമിക്കുമെന്ന് വാഗ്ദാനം ലംഘിക്കപ്പെട്ടു. നാളെ മുതല്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫിസ് പടിക്കലും അനിശ്ചിതകാല റിലേ നിരാഹാര സമരവും ആരംഭിക്കും. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്തും.
വിഷുവായിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം നല്കാന് തയ്യാറാകാത്ത കെ.എസ്.ആര്.ടി.സി മാനേജ്മെന്റിന്റെയും ഇടപെടാന്‍ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടില്‍ പ്രതിക്ഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് എംപ്ലോയീസ് യൂണിയന് എഐടിയുസി ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിത കാല സമരം നടത്താന്‍ തീരുമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ അറിയിച്ചു. വിഷുവിന് മുന്‍പ് ശമ്പളം വിതരണം ചെയ്തില്ലയെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്നും എഐടിയുസി വ്യക്തമാക്കി.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ആനത്തലവട്ടം പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരല്ലെന്നും ജോലി ചെയ്താല്‍ യഥാസമയത്ത് കാശു തരണമെന്നും കെ.എസ്.ആര്.ടി.സി ലാഭത്തില്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അപക്വമായി സര്‍വിസും ഷെഡ്യൂളും തീരുമാനിക്കുകയാണെന്നും ചില ഉദ്യോഗസ്ഥര്‍ മാത്രം ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: