ജയ്പൂര്‍: രാജസ്ഥാനിലെ കരൗലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുക്കുന്ന ഹിന്ദുവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ നടന്ന ‘ന്യായ് യാത്ര’ തടഞ്ഞ് രാജസ്ഥാന്‍ പൊലീസ്. യാത്ര ദൗസ അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് വന്‍ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞത്. രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയയും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ യാത്ര നിര്‍ത്തില്ലെന്നും കലാപഭൂമിയായ കരൗലിയില്‍ എത്തിയതിന് ശേഷം മാത്രമേ മടങ്ങൂവെന്ന നിലപാടിലാണ് തേജസ്വി സൂര്യ. ദൗസ-കരൗലി മേഖലയില്‍ പൊലീസ് വന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. ചിലര്‍ ഇത് മറികടന്ന് യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കരൗലിയില്‍ എത്തുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നുമുള്ള നിലപാടിലായി തേജസ്വി സൂര്യ. രാത്രി വരെ പ്രതിഷേധം തുടരാന്‍ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു. പിന്നീട് തേജസ്വി സൂര്യയെയും ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയമരാഹിത്യത്തെ തേജസ്വി സൂര്യ ട്വീറ്റില്‍ വിമര്‍ശിച്ചു. “ഭാരത യുവമോര്‍ച്ച സേന ഭാരതത്തിന്റെ സ്വന്തം സേനയാണ്. സോണിയ സേന മുഴുവന്‍ വന്നാലും താങ്കളുടെ ഹിന്ദു വിദ്വേഷത്തെയും ഏകാധിപത്യത്തെയും ചോദ്യം ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ തടയാന്‍ കഴിയില്ല.” – ട്വീറ്റില്‍ പറയുന്നു.
കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാത്ത രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും തേജസ്വി സൂര്യ പറഞ്ഞു. തങ്ങളെ കരൗലിയില്‍ എത്തുന്നതില്‍ നിന്നും തടഞ്ഞ രാജസ്ഥാന്‍ സര്‍ക്കാര്‍ അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന് കോട്ടയില്‍ പ്രകടനം നടത്താന്‍ അവസരം നല്‍കിയെന്നും തേജസ്വി സൂര്യ ആരോപിച്ചു. രാജസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീണന രാഷ്‌ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഞങ്ങള്‍ ഒന്നുകില്‍ കരൗലിയില്‍ എത്തും അല്ലെങ്കില്‍ ജയിലില്‍ എത്തുമെന്നും തേജസ്വി സൂര്യ പറഞ്ഞു.
ഹിന്ദു പുതുവത്സരദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 2ന് ഹിന്ദുസംഘടന നടത്തിയ ബൈക്ക് റാലിക്ക് നേരെ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള ഹത്വാര ബസാറില്‍ കല്ലേറുണ്ടായി. ഇതോടെ അത് വര്‍ഗ്ഗീയകലാപമായി. ഹി്ന്ദു കച്ചവടക്കാരുടെ കടകള്‍ കത്തിക്കുകയും ബൈക്കുകള്‍ കത്തിക്കുകയും ചെയ്തു. 192 ഹിന്ദുകുടുംബങ്ങള്‍ അക്രമം ഭയന്ന് കരൗലി വിട്ടോടിപ്പോയി. എങ്കിലും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കലും അറസ്റ്റും തുടരുകയാണ്.
ഇതുവരെ വര്‍ഗ്ഗീയ കലാപത്തിന് അരങ്ങൊരുക്കിയ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് മത് ലൂബ് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേ സമയം രാജസ്ഥാനിലെ ജയ്പൂര്‍ നഗരസഭയുടെ മേയറായ സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ജാര്‍ സമുദായത്തിലെ മറ്റ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന് ഈ കലാപത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്നും ബിജെപി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: