കല്ലിയൂര്‍ പി മുരളീധരന് നായര്‍ എഴുത്തുകാരന് എന്ന നിലയില്‍ ഏറെ പ്രശസ്തനല്ല. എന്നാല്‍ 36 വര്‍ഷം മുന്‍പ് അദ്ദേഹം എഴുതിയ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് നിരൂപകന് എം കൃഷ്ണന് നായര്‍ ആയിരുന്നു. കവിയാകട്ടെ കഥാകാരനാകട്ടെ ലേഖകനാകട്ടെ ഏതുതരം എഴുത്തുകാരും തങ്ങളുടെ സൃഷ്ട്രി ആരുടെ ദൃഷ്ടിയിലാണോ പെടണം എന്നാഗ്രഹിച്ചിരുന്ന, സാഹിത്യ വാരഫലം കൃഷ്ണന്‍നായരുടെ അവതാരികയോടെ പുസ്തകം ഇറങ്ങുക എന്നത് തുടക്കക്കാരനെ സംബന്ധിച്ച് വലിയകാര്യം. ജെ കൃഷ്ണമൂര്ത്തിയെകുറിച്ചായിരുന്നു ആ പുസ്തകം. മികച്ച തുടക്കം കിട്ടിയ കല്ലിയൂര്‍ പിന്നെയും എഴുതി. ഏഴു പുസ്തകങ്ങള്‍ കൂടി. ഒരു കാര്യം പിന്നീടൊന്നിനും അവതാരികയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എട്ടാമത് പുസ്തകം’ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ അവതാരികയില്ലാതെ പുറത്തിറങ്ങി.
വനം വകുപ്പില്‍ ഡപ്യൂട്ടി കണ്‍സര്‍വേറ്ററായി വിരമിച്ച് കല്ലിയൂര്‍ പി മുരളീധരന് നായരുടെ ‘ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ ആത്മകഥയാണോ സര്‍വീസ് സ്റ്റോറിയാണോ യാത്രാവിവരണം ആണോ പ്രകൃതി വര്ണ്ണനയാണോ എന്നു പച്ചയായി പറയുക അസാധ്യം. എം കൃഷ്ണന് നായര്‍ ഉണ്ടായിരുന്നെങ്കില്‍ മരുമകന്റെ ( കൃഷ്ണന് നായര്‍ ഭാര്യാ പിതാവാണ്) സാഹിത്യത്തെ പ്രത്യേക ശ്രേണിയില്‍ പെടുത്തി നിരൂപിച്ചേനെ. (കല്ലിയൂര്‍ സ്വന്തം കൃതിയെ ‘ ഓര്മ’ എന്നൊരു പുതിയ സാഹിത്യ ശാഖയിലാണ് പെടുത്തിയിരിക്കുന്നത്)
മുകളില്‍ പറഞ്ഞ സാഹിത്യ ധാരകളുടേയും അംശത്തിനൊപ്പം കഥ പറയുന്ന ലാഘവത്തോടെ എഴുതിയിരിക്കുന്നു എന്നതാണ് ‘ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ നല്കുന്ന വായനാ സുഖം.
43 അധ്യായങ്ങളായി 40 വര്‍ഷത്ത വന സംരക്ഷക ഉദ്യോഗ ജീവിതം പറയുന്ന കല്ലൂയൂര് പലതും ഓര്‍മ്മയില്‍നിന്ന് ഹൃദയത്തിന്റ ഭാഷയിലാണ് വിവരിക്കുന്നത്. ആദ്യ 27 അധ്യായങ്ങള്‍ ഫോറസ്റ്റ് കോളേജിലേയും ക്യാമ്പുകളിളേയും പരിശീലന പഠന കാലത്തെ അനുഭവങ്ങളുടെ നേര്‍ചിത്രങ്ങളാണ്. കേരളത്തിലെ മാത്രമല്ല തമിഴ് നാട്ടിലെയും കര്‍ണാടകത്തിലേയും ഒക്കെ പ്രധാന വനമേഖലകളെക്കുറിച്ചും തോട്ടങ്ങളെക്കുറിച്ചും മലകളെക്കുറിച്ചും ഒക്കെ വായനക്കാരന് സരളമായി മനസ്സിലാകുന്ന തരത്തിലാണ് പഠനകാല അനുഭവം വിവരിക്കുന്നത്.
പഠനവും പരീശീലനവും പൂര്‍ത്തിയാക്കി കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര വിവരിക്കുന്നതിങ്ങനെ.
‘എല്ലാ വരും ശരിക്ക് ത്രില്ലിലാണ്. നാളെ മുതല്‍ ട്രയിനി അല്ല. ഫോറസ്റ്റ് റേഞ്ച് ഓഫീറസാണ്. തോളില്‍ മൂന്നു സ്റ്റാറും മുകളില്‍ വളഞ്ഞുപൊങ്ങിയ പോലീസ് മോഡല്‍ പീക് ക്യാപ്പും. മൂന്നു മണിക്കൂര്‍ പൂച്ച ഉറക്കത്തിനു ശേഷം എല്ലാവരും ചാടി എഴുന്നേറ്റു. പല്ലുതേപ്പ്, കുളി ഒക്കെ ഉപാധിയില്‍ കഴിച്ച് ഡ്രസ്സ് ചെയ്തു. ഹോട്ടലില്‍ കയറി പൂരി, ഉപ്പുമാവ് ഒക്കെ അകത്താക്കി. അഞ്ചു മിനിറ്റിനകം. യൂണിഫോ0 വില്‍ക്കുന്ന കടയിലെത്തി. ക്യാപ്പുകള്‍, സ്റ്റാറുകള്‍, ഇന്‍സ്റ്റന്റ് ബ്യൂട്ടുകള്‍ ഒക്കെ വാങ്ങി. അവിടെവെച്ചു തന്നെ അണിഞ്ഞ് റെഡിയായി.കടക്കാരന് എല്ലാവരേയും ഡ്രസ്സോടെ ചെക്ക ചെയ്ത് ഒ കെ പറഞ്ഞു. എല്ലാവരും ടിപ്പായിട്ടുണ്ട്. ‘പോസ്റ്രിംഗ് ഓര്‍ഡര്‍ വാങ്ങിവന്ന് കാപ്പി നടക്കണം’ ഫോറസ്റ്റ് ഓഫീസിലേക്ക് എല്ലാവരും തിരിച്ചു. അഞ്ചു മിനിറ്റുകൊണ്ട് അവിടെയെത്തി.’
നിസ്സാരമെന്നു തോന്നാവുന്ന ഇതേപോലുള്ള സംഭവങ്ങള്‍ ലളിതവും വിശദവുമായി വിവരിക്കുന്നു എന്നതാണ് പുസ്തകത്തിന് വായനാസുഖം നല്‍കുന്നത്.
അര്‍ഹിക്കുന്ന പ്രമോഷന് കിട്ടാന്‍, ഭഗീരഥന് ഗംഗയെകൊണ്ടു വന്നതുപോലെ ഫയലിന്റെ പിറകെയുള്ള പാച്ചില്‍, മനോഹരമായി വിശദീകരിക്കുന്ന കല്ലിയൂര്‍, വനം കണ്‍സര്‍വേറ്ററായി വിരമിക്കാനുള്ള അവസരവും ശബളക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമായതിനെ ‘ ഈശ്വരന് ഇത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ’ എന്ന് ആശ്വസിക്കുകയും ചെയ്യുന്നു.
അറും ബോറാകാവുന്ന വിഷയം ഒട്ടും ബോറാകാതെ എങ്ങനെ എഴുതാം എന്നതിന് പാഠമാണ് ‘ പച്ചമരച്ചോലയില്‍ 40 വര്‍ഷങ്ങള്‍’ എന്ന് നിസംശയം പറയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: