കോട്ടയം: വേനല്‍മഴയില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 21.58 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന ജോര്‍ജ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കാണിത്.
കനത്തകാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി 3819 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത് നെല്ല്, വാഴ, റബര്‍, അടയ്‌ക്ക, കൊക്കോ, കുരുമുളക്, ജാതിക്ക, കുരുമുളക്, വെറ്റില, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്‌ക്കാണ് നാശം സംഭവിച്ചത്. കൂടുതല്‍ നാശം സംഭവിച്ചത് നെല്‍ കൃഷിയ്‌ക്കാണ്. 1071.52 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു.
നെല്‍കൃഷിയില്‍ മാത്രമായി 16.07 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പായിപ്പാട്, വാഴപ്പള്ളി, ഏറ്റുമാനൂര്‍- ചെറുവാണ്ടൂര്‍, പേരൂര്‍, വാകത്താനം, വൈക്കം മേഖലകളിലാണ് നെല്‍കൃഷിയില്‍ ഏറ്റവുമധികം നാശമുണ്ടായിട്ടുള്ളത്. 54723 കുലച്ച വാഴകളും 32073 കുലയ്‌ക്കാത്ത വാഴകളും നശിച്ചു. 4.56 കോടി രൂപയുടെ വാഴകൃഷി നശിച്ചു. 2 7.38 ഹെക്ടറിലെ പച്ചക്കറികള്‍ നശിച്ചതില്‍ 12.04 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
ടാപ്പിംഗ് ഉള്ള 2431 ഉം ടാപ്പിംഗ് ചെയ്യാത്ത 995 റബര്‍ മരങ്ങളും നശിച്ചു. 4.58 ഹെക്ടറിലെ തെങ്ങ്, 4.48 ഹെക്ടര്‍ കുരുമുളക്, 303 ജാതി മരങ്ങള്‍, 2.60 ഹെക്ടറില്‍ കപ്പ കൃഷി തുടങ്ങിയവയും നശിച്ചു. മാടപ്പളളിയിലാണ് ഏറ്റവുമധികം കൃഷി നാശം സംഭവിച്ചത്. 685.01 ഹെക്ടറിലായി 10.30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചങ്ങനാശേരി താലൂക്കിലെ വിവിധ ഭാഗങ്ങളിലെ നെല്‍കര്‍ഷകരെയും വേനൽ മഴ കണ്ണീരിലാഴത്തി. പാടശേഖരങ്ങളിലെ നെല്‍ കൃഷിയാണ് തുടര്‍ച്ചയായ വേനല്‍ മഴയെ തുടര്‍ന്ന് വെള്ളത്തിലായത്. പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്ത് പരിധിയില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. പായിപ്പാട് പഞ്ചായത്തില്‍ 600 ഏക്കര്‍ വരുന്നകാവാലിക്കര പാടശേഖരം, 600 ഏക്കര്‍ പൂവം പാടശേഖരം, 600 ഏക്കര്‍ കാപ്പണപറമ്പ് പാടശേഖരം എന്നിങ്ങനെയാണ് പാടശേഖരങ്ങള്‍. മുപ്പത് ക്വിന്റല്‍ നെല്ലാണ് ഒരേക്കറില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ 2400 രൂപയ്‌ക്കാണ് കര്‍ഷകരില്‍ നിന്നും നെല്ലെടുക്കുന്നത്. എഴുപതിനായിരം രൂപയുടെ നെല്ലാണ് ഒരേക്കറില്‍ നിന്നും ലഭിക്കുന്നത്.
പൂവം പാടം, കാവാലിക്കര എന്നിവ 18ന് മെഷീന്‍ ഇറക്കി കൊയ്യാനിരിക്കെയാണ് വെള്ളത്തിലായത്. കാപ്പാണപ്പറമ്പ് 28 നും മറ്റ് പാടങ്ങള്‍ 30ന് മുന്‍പായി കൊയ്തെടുക്കാനായിരുന്നു.
വിളവാകാതെ വെള്ളത്തിലായത് 1000 ഏക്കര്‍ കൃഷിയാണ്. സാധാരണ കാര്‍ഷിക കലണ്ടര്‍ പ്രകാരം നവംബറില്‍ കഴിയിറക്കി മാര്‍ച്ച് 30ന് മുന്‍പ് വിളവെടുപ്പ് പൂര്‍ത്തിയായി ഏപ്രില്‍ ആദ്യവാരം നെല്ല് എടുക്കുമായിരുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പെയ്ത മഴ മൂലമാണ് കൃഷി താമസിക്കാന്‍ കാരണം.
നവംബര്‍ ആദ്യവാരം കൃഷി ആരംഭിച്ചാല്‍ മാത്രമേ മാര്‍ച്ചില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. 15 വര്‍ഷത്തിന് ശേഷമാണ് കൃഷിനാശമെന്ന് കാപ്പാണപ്പറമ്പ് പാടശേഖര കമ്മറ്റി അംഗം അഭിലാഷ് പറഞ്ഞു. വാഴപ്പള്ളി പഞ്ചായത്തില്‍ പറാല്‍, കുമരങ്കരി ഭാഗങ്ങളിലെ ഓടേറ്റി വടക്ക് ഭാഗത്ത് 230 കര്‍ഷകരുടെ 565 ഏക്കര്‍ കൃഷി, കടമ്പാട്ട് ഭാഗം 125 കര്‍ഷകരുടെ 250 ഏക്കര്‍, പെരുന്നാങ്കരി 25 കര്‍ഷകരുടെ 75 ഏക്കര്‍ എന്നിങ്ങനെയാണ് കൃഷി. നെല്‍ച്ചെടികള്‍ നിലം പറ്റിയതോടെ,കിളിര്‍ത്തു തുടങ്ങി. മെഷീന്‍ ചാര്‍ജ് ഒരു മണിക്കൂറിന് 1800 രൂപയാണ് എഗ്രിമെന്റ്. എന്നാല്‍, ഇപ്പോള്‍ 2000 രൂപയാണ് മണിക്കൂറിന് ചോദിക്കുന്നതെന്ന് ഓടേറ്റി പാടശേഖര സമിതി പ്രസിഡന്റ് എ.ആര്‍ രഞ്ജിത്ത് പറഞ്ഞു.
തുപ്രം ഭാഗത്ത് 230 ഏക്കറിലാണ് കൃഷി. ഈരത്ര ഇഞ്ചന്‍ തുരുത്ത് 400 ഏക്കര്‍, കരീത്ര 40 ഏക്കര്‍, വാണിയംങ്കേരി 40 ഏക്കര്‍, അയ്യംപടവ് സര്‍പ്പകണ്ടം 10 ഏക്കര്‍ എന്നിങ്ങനെ 490 ഏക്കറോളം പാടശേഖരത്തിലെ കര്‍ഷകരുടെ പ്രതീക്ഷയാണ് വേനല്‍മഴ തകര്‍ത്തത്. ഒരേക്കറിന് 100 രൂപ എന്ന നിരക്കില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടങ്കിലും ആ കിട്ടുന്ന തുകയൊന്നും ഇവരുടെ നഷ്ടത്തിന്റെ നാലിലൊന്നു പോലും വരുകയില്ല.
പാട്ടത്തിന് എടുത്ത് കൃഷി ചെയ്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഈ ഇന്‍ഷ്വറന്‍സ് തുക സ്ഥലമുടമയുടെ പേര്‍ക്ക് മാത്രമേ ലഭ്യമാകു എന്നിരിക്കേ അവര്‍ അത് പാട്ട തുകയെടുത്തതിനു ശേഷമേ നല്‍കുകയുള്ളു എന്ന ആശങ്കയും പലര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: