കൊച്ചി : ബസ്സിന്റെ കളര്‍ മൂലം യാത്രക്കാര്‍ ബസ്സില്‍ കേറുന്നില്ലന്ന് കെഎസ്ആര്‍ടിസി, സമയവും ഇന്ധനവും ലാഭിക്കാന്‍ തുടങ്ങിയ ബൈപ്പാസ് റൈഡര്‍ ബസുകളിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീഡര്‍ ബസുകള്‍ക്കാണ് ഈ ദയനീയ സ്ഥിതി. മറ്റ് കെഎസ്ആര്‍ടിസി ബസ്സുകളെ അപേക്ഷിച്ച് വേറിട്ട നിറമായതിനാല്‍ യാത്രക്കാരെ ഇതില്‍ കയറുന്നില്ല.
വെളുപ്പില്‍ ചെരിച്ചുള്ള ചുവന്ന വരകളാണ് ബസിന്റെ നിറം. അപരിചിതമായ നിറമായതിനാല്‍ ബസ് കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പ് വണ്ടിയാണന്നാണ് പലരും കരുതുന്നത്. യാത്രക്കാരെ കുറ്റം പറയാന്‍ പറ്റില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ഇത്രയും പരിഷ്കാരം വരുത്തുമെന്ന് അവര്‍ കരുതിക്കാണില്ല.
ഫീഡര്‍ ബസ്സിന്റെ സര്‍വീസ് തുടരണമെങ്കില്‍ 12,000 രൂപയെങ്കിലും ഒരു ബസിന് പ്രതിദിനം കിട്ടിയാലേ നഷ്ടമില്ലാതെ ഓടിക്കാനാകൂ. പക്ഷേ ഇപ്പോള്‍ വരുമാനം 1,200 രൂപയാണ് ശരാശരി കിട്ടുന്നത്. ഇതോടെ ഓര്‍ഡിനറി ബസ്സിന്റെ ചാര്‍ജ് മാത്രം എന്ന് എല്ലാ ഫീഡര്‍ ബസ്സിനും മുന്നില്‍ എഴുതി തൂക്കിയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് അധികൃതരുടെ തീരുമാനം.
കൂടാതെ ബൈപ്പാസ് റൈഡര്‍ ബസുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് നഗരത്തിലേക്ക് എത്താന്‍ ഫീഡര്‍ ബസുകളില്‍ ടിക്കറ്റെടുക്കേണ്ടെന്ന ഇളവുമുണ്ട്. അതിന് ബൈപ്പാസ് റൈഡറിലെ ടിക്കറ്റ് കാണിച്ചാല്‍ മതി. പക്ഷേ അക്കാര്യമൊന്നും മിക്ക യാത്രക്കാര്‍ക്കും അറിയില്ല. ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നില്ല.
അഞ്ച് ബൈപ്പാസ് ഫീഡര്‍ ബസ്സുകളാണ് എറണാകുളം സ്റ്റാന്‍ഡില്‍ ഉള്ളത്. രാവിലെ ആറ് മുതല്‍ രാത്രി എട്ടു വരെയാണ് ഇവയുടെ സമയം. കൊച്ചിയിലിപ്പോള്‍ ഏറ്റവും ജനത്തിരക്കേറിയ സ്ഥലം ഇടപ്പള്ളിയാണ് അത് ഉള്‍പ്പെടുത്താതെ വൈറ്റില ഹബ്ബില്‍ നിന്ന് പള്ളിമുക്ക്, ഹൈക്കോടതി, മേനക, കലൂര്‍, പാലാരിവട്ടം, പൈപ്പ് ലൈന്‍, ചക്കരപ്പറമ്പ് വഴിയും തിരിച്ചുമായിട്ടാണ് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഈ റൂട്ട് മാറ്റണമെന്ന ആവശ്യവും യാത്രക്കാരുടെ ഇടയില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: